ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റമുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാണ്. ടെസ്റ്റ് ഫോര്‍മാറ്റിലെ രണ്ട് കരുത്തര്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ മികച്ച മത്സരം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഒരു ദശാബ്ദമായി ഒറ്റ ഐ.സി.സി കിരീടം പോലുമില്ല എന്ന ചീത്തപ്പേര് മറികടക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. സ്ഥിരമായി ഇന്ത്യയോട് തോല്‍ക്കുന്നവര്‍ എന്ന നാണക്കേട് ഐ.സി.സി ഇവന്റിന്റെ ഫൈനലില്‍ തന്നെ കുഴികുത്തി മൂടാനാണ് ഓസീസ് ലക്ഷ്യമിടുന്നത്.
ഇരുടീമിന്റെയും സ്‌ക്വാഡ് ഡെപ്ത് അപാരമാണ്. വമ്പനടി വീരന്‍മാരും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളുമായ ബാറ്റര്‍മാര്‍ക്കൊപ്പം എന്തിനും പോന്ന ബൗളര്‍മാരും മികച്ച ഓള്‍ റൗണ്ടര്‍മാരുമായാണ് ഇരുവരും ഇംഗ്ലണ്ടിലെത്തിയത്.
വിരാട് കോഹ്‌ലിയെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ഭയക്കേണ്ടത് എന്നാണ് ഓസീസ് ആരാധകര്‍ പറയുന്നത്. ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന വിരാടിന്റെ പ്രകടനങ്ങള്‍ മാത്രം മതിയാകും ഓസീസിന്റെ അടിത്തറയിളകാന്‍ എന്നതാണ് അവരുടെ ആശങ്കക്ക് കാരണം. ബോര്‍ഡര്‍ ഗവാസ്‌കറിലെ വിരാടിന്റെ തിരിച്ചടി ഓസീസും മറന്നുകാണില്ല.
ബി.ജി.ടിയിലെ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ പല റെക്കോഡുകളും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിരാടിന് നേടാന്‍ സാധിക്കും. ഇതിഹാസ താരങ്ങളെ മറികടന്നുകൊണ്ടാണ് വിരാട് ഈ നേട്ടങ്ങളിലേക്ക് ഓടിയെത്തുക.
ഒരു കാലത്ത് അറ്റാക്കിങ് ക്രിക്കറ്റിന്റെ പര്യായവും ബൗളര്‍മാരുടെ പേടി സ്വപ്‌നവും ക്രിക്കറ്റ് ലെജന്‍ഡുമായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡാണ് ഇതില്‍ പ്രധാനം. നിലവില്‍ 108 ടെസ്റ്റില്‍ നിന്നും 8,416 റണ്‍സുള്ള വിരാടിന് ഫൈനലിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 125 റണ്‍സ് നേടാന്‍ സാധിച്ചാല്‍ 8,540 ടെസ്റ്റ് റണ്‍സ് നേടിയ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ മറികടക്കാം.
ഓസീസിനെതിരെ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രാഹുല്‍ ദ്രാവിഡിനെ മറികടക്കാനും വിരാടിന് സാധിക്കും.
ഓസ്‌ട്രേലിയയുടെ ചിരവൈരികളില്‍ ഒരാളായ ദ്രാവിഡ് 60 ഇന്നിങ്‌സില്‍ നിന്നുമായി 2,143 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. ഓസീസിനെതിരെ 42 ഇന്നിങ്‌സില്‍ നിന്നും 1,979 റണ്‍സാണ് വിരാടിനുള്ളത്. ഫൈനലില്‍ 164 റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ വിരാടിന് ദ്രാവിഡിനെ മറികടക്കാന്‍ സാധിക്കും.
ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിലും വിരാടിന് നോട്ടമുണ്ട്. ഫൈനലില്‍ വിരാട് കോഹ്‌ലി മത്രമല്ല, ഫാബ് ഫോറിലെ കങ്കാരുവായ സ്റ്റീവ് സ്മിത്തും ഇതേ ലക്ഷ്യത്തിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഒറ്റ സെഞ്ച്വറി നേടിയാല്‍ വിരാടിനും സ്മിത്തിനും പോണ്ടിങ്ങിനെ മറികടക്കാം.