World News
കമല ഹാരിസ് മാധ്യമങ്ങളെ അവഗണിക്കുന്നു; ട്രംപ് നടത്തുന്ന ആക്രമണങ്ങളേക്കാള്‍ അപമാനകരം: ബില്‍ മഹര്‍
വാഷിങ്ടണ്‍: കമല ഹാരിസ് മാധ്യമങ്ങളെ അവഗണിക്കുന്നതിന് എതിരെ പ്രതികരണവുമായി ബില്‍ മഹര്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ആക്രമണങ്ങളേക്കാള്‍ അപമാനകരമാണ് ഇതെന്നാണ് മഹര്‍ പറയുന്നത്. റിയല്‍ ടൈം എന്ന ഷോയുടെ അവതാരകനാണ് ബില്‍ മഹര്‍.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമല ഹാരിസിനെ ജോ ബൈഡന്‍ നിര്‍ദേശിച്ചിട്ട് ഒരു മാസമായി, എന്നിട്ടും ഇതുവരെ കമല വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുകയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും മഹര്‍ ആരോപിച്ചു. തന്റെ റിയല്‍ ടൈം എന്ന പരിപാടിക്കിടെ ആയിരുന്നു ആരോപണം.
സി.എന്‍.എന്നിന്റെ മാധ്യമ പ്രവര്‍ത്തകയായ കൈറ്റ്ലന്‍ കോളിന്‍സിനോട് സംസാരിക്കവേയാണ് ബില്‍ മഹര്‍ കമല ഹാരിസിനെ കുറിച്ച് സംസാരിച്ചത്. കമല മാധ്യമങ്ങളോട് സംസാരിക്കാത്തതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവെന്ന് മഹര്‍ കോളിന്‍സിനോട് ചോദിക്കുകയായിരുന്നു.
ശേഷം അദ്ദേഹം തന്നെ കമലയെ കുറിച്ച് പറയുകയായിരുന്നു. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുവാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുമ്പോള്‍ അവരെ തനിക്ക് ആവശ്യമില്ലെന്ന മട്ടിലാണ് കമലയുടെ പെരുമാറ്റം എന്നാണ് ബില്‍ മഹര്‍ ആരോപിച്ചത്.
‘ഒരു തരത്തില്‍ ട്രംപ് ചെയ്യുന്നതിനേക്കാള്‍ അപമാനകരമാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുവാണെന്നാണ് ട്രംപ് പറയുന്നത്. അത് വളരെ മോശമായ കാര്യം തന്നെയാണ്. എന്നാല്‍ കമല എന്താണ് പറയാതെ പറയുന്നത്.
എനിക്ക് മാധ്യമങ്ങളെ ആവശ്യമില്ല. ഞാന്‍ നിങ്ങളോട് സംസാരിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് എന്റെ മുന്നില്‍ പ്രസക്തിയില്ല എന്നൊക്കെയല്ലേ. ഞാന്‍ മാധ്യമങ്ങളെ വെറുക്കുന്നുവെന്ന് പറയുന്നതിനേക്കാള്‍ മോശമാണ് ഇത്. ഞാന്‍ മാധ്യമങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന മട്ടിലാണ് കമല,’ ബില്‍ മഹര്‍ പറഞ്ഞു.
ട്രംപ് ചെയ്യുന്നതിനേക്കാള്‍ മോശമാണോ കമല ഹാരിസ് ചെയ്യുന്നതെന്ന് തനിക്കറിയില്ല എന്നായിരുന്നു കൈറ്റ്ലന്‍ കോളിന്‍സിന്റെ മറുപടി. ട്രംപ് ചോദ്യങ്ങളെ നിഷേധിക്കുകയോ കള്ളം പറയുകയോയാണ് ചെയ്യുന്നതെന്നും കോളിന്‍സ് കൂട്ടിച്ചേര്‍ത്തു.
‘ട്രംപ് ദിനംപ്രതി മാധ്യമങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. എന്നാല്‍ കമല ചെയ്യുന്നത് അതിനേക്കാള്‍ മോശമാണോ എന്ന് എനിക്കറിയില്ല. വൈറ്റ് ഹൗസില്‍ വെച്ച് ട്രംപിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ ഞാന്‍ കവറ് ചെയ്യാറുണ്ട്. നിങ്ങള്‍ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുകയാണെങ്കില്‍, ചിലപ്പോള്‍ അദ്ദേഹം വ്യക്തിപരമായ തര്‍ക്കത്തില്‍ ഏര്‍പ്പെടും.
അല്ലെങ്കില്‍ നിങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിനെ നിഷേധിക്കുകയോ കള്ളം പറയുകയോ ചെയ്യും. അതുകൊണ്ട് തന്നെ രണ്ടുപേരെയും താരതമ്യം ചെയ്യാമോയെന്ന് എനിക്കറിയില്ല,’ കൈറ്റ്ലന്‍ കോളിന്‍സ് പറഞ്ഞു. കമല ഹാരിസ് മാധ്യമങ്ങളോട് സംസാരിക്കണമെന്നും കമലയെ തന്റെ ഷോയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും കോളിന്‍സ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Real Time Host Bill Maher Says Kamala Harris Ignores The Media, It More Insulting Than Trump’s Doing