Daily News
ദേശീയ ഗെയിംസ്: അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Feb 12, 10:44 am
Thursday, 12th February 2015, 4:14 pm

thiruvanchoor
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ഉയര്‍ന്ന് വന്ന അഴിമതി ആരോപണങ്ങളില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസ് നടത്തിപ്പിനെ കുറിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനോ മത്സരങ്ങളില്‍ പങ്കെടുത്ത താരങ്ങളോ പരാതി പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ പ്രധാനനമന്ത്രിയുടെ പോലും അഭിനന്ദനം സംസ്ഥാനത്തിന് ലഭിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു.

അതേ സമയം വാര്‍ത്ത സമ്മേളനം നടത്തുന്ന മൂന്നോ നാലോ പേരാണ് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അന്വേഷണത്തെ നേരിടാന്‍ തനിക്ക് പേടിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗെയിംസിന് ശേഷം ഗെയിംസ് വില്ലേജടക്കം ലേലം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന അഴിമതിയാരോപണങ്ങളില്‍ അന്വേഷണം നടത്തുന്നത് കണക്കുകള്‍ പരിശോധിച്ച ശേഷമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഗെയിംസ് അവസാനിച്ചതിന് ശേഷം കണക്കുകള്‍ പരിശോധിക്കുന്നതിനായി പ്രത്യേകം ഓഡിറ്റിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഗെയിംസ് നടത്തിപ്പില്‍ അഴിമതി നടന്നതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  പ്രതികരിച്ചിരുന്നത്.