'എന്ത് തേങ്ങയാണീ കാണിക്കുന്നത്'; ദല്‍ഹിയുടെ ബാറ്റിങ്ങിനിടയില്‍ ഗാംഗുലിയുടെ റിയാക്ഷന്‍
Cricket news
'എന്ത് തേങ്ങയാണീ കാണിക്കുന്നത്'; ദല്‍ഹിയുടെ ബാറ്റിങ്ങിനിടയില്‍ ഗാംഗുലിയുടെ റിയാക്ഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th April 2023, 10:32 pm

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ദല്‍ഹി കാപിറ്റല്‍സും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. മോശം ഫോമില്‍ ബാറ്റ് ചെയ്ത ദല്‍ഹിക്ക് 144 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സെടുത്തത്. 27 പന്തില്‍ 34 റണ്‍സെടുത്ത മനീഷ് പാണ്ഡെ, 34 പന്തില്‍ 34 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മാത്രമാണ് ദല്‍ഹി ബാറ്റിങ് നിരയില്‍ കുറച്ചെങ്കിലും തിളങ്ങിയത്.

ദല്‍ഹി ബാറ്റിങ് നിരയിലെ ബാറ്റര്‍മാരുടെ തുടരെ തുടരെയുള്ള കൊഴിഞ്ഞുപോക്ക് കാരണം പവലിയനില്‍ കലിപ്പായിരിക്കുന്ന ഗാംഗുലിയുടെ ചിത്രമാണിപ്പോള്‍ സമൂഹ മാധ്യങ്ങളില്‍ വൈറലാകുന്നത്. 2023 സീസണിലെ ദല്‍ഹിയുടെ ക്രക്കറ്റ് ഡയറക്ടറായ ഗാംഗുലിക്ക് ഇന്നത്തെ ടീമിന്റെ പെര്‍ഫോമന്‍സ് ഒട്ടും ഇഷ്ടമായില്ലെന്ന് അദ്ദേഹത്തിന്റെ ശരീര,ഭാഷയില്‍ നിന്ന് വ്യക്തമാണ്.

കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാന്‍ ദല്‍ഹിക്കായിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ അടക്കമുള്ള ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ ദല്‍ഹി ബാറ്റര്‍മാര്‍ പരാജയപ്പെടുകയായിരുന്നു.

സണ്‍റൈസേഴ്‌സിനായി വാഷിങ്ടന്‍ സുന്ദര്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകന്‍ ഡേവിഡ് വാര്‍ണര്‍(21), സര്‍ഫറാസ് ഖാന്‍(10), അമന്‍ ഹകീം ഖാന്‍(4) എന്നീ നിര്‍ണായക വിക്കറ്റുകളാണ് വാഷിങ്ടണ്‍ നേടിയത്.

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയില്‍ ദല്‍ഹി തകര്‍ന്നിരുന്നു. തുടര്‍ന്ന് ആറാം വിക്കറ്റില്‍ അക്ഷര്‍ പട്ടേല്‍, മനീഷ് പാണ്ഡെ സഖ്യത്തിന്റെ അര്‍ധ സഞ്ച്വറി കൂട്ടുകെട്ടാണ് ടീമിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.