വിഭവങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റാരോ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത് ജോലിക്കെത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി ഐ.എ.എസിന്റെ നടപടി കേരളം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തു
തദ്ദേശ സ്വയമഭരണ വകുപ്പിന്റെ മാലിന്യ സംസ്‌കരണ പദ്ധതിക്കു കീഴിലെ പുനരുപയോഗ പദ്ധതിയായ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്)ന്റെ വര്‍ക്കല മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് യൂണിറ്റില്‍ നിന്നും രണ്ടു മാസം മുമ്പ് മേടിച്ച സാരികളായിരുന്നു വാസുകി ഐ.എ.എസ് ഉപയോഗിച്ചത്.
പുനരുപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഈ ഒരു മാതൃകയെന്നും വേറൊരാള്‍ ഉപയോഗിച്ച ഒരു സാരി, ഉടുത്ത സാരി ഉടുക്കുന്നതില്‍ തനിക്ക് അപമാനമോ സങ്കോചമോ ഇല്ലെന്നും പരിസ്ഥിതിയാണ് പ്രധാനമെന്നും വാസുകി പറഞ്ഞിരുന്നു.
ഓള്‍ഡ് ഈസ് ഫാഷനബിള്‍ എന്ന മുദ്രാവാക്യവും മുന്നോട്ടു വെച്ച് കൊണ്ട് വാസുകി ഷെയര്‍ ചെയ്ത വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഒരു രാഷ്ട്രീയ സംവാദമായി മാറി.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഉള്ളവര്‍ വ്യത്യസ്ത തരത്തിലാണ് ഇതിനോട് പ്രതികരിച്ചത്. ചിലര്‍ ഇതിനെ രാഷ്ട്രീയമായി അനുകൂലിക്കുമ്പോള്‍ മറ്റ് ചിലര്‍ ഇതിന്റെ പാരിസ്ഥിതികമായ വശങ്ങള്‍ ചൂണ്ടിക്കാട്ടിയും അനുകൂലിച്ചു.
പ്രവിലേജ്ഡ് ആയിട്ടുള്ള ആളുകള്‍ക്ക് മാത്രം അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ഇതെന്ന് ചിലര്‍ പറയുന്നതിലും ഇതിന്റെ പാരിസ്ഥിതിക വശങ്ങള്‍ പറയുന്നതിലും ശരികളുണ്ട്. ഒറ്റ ബൈനറിയില്‍ വെച്ച് ഇത് ശരിയാണെന്നും തെറ്റാണെന്നും പറയാന്‍ കഴിയുന്ന ഒന്നല്ല ഇത്.
വിവിധ മേഖലയിലെ പ്രശസ്തര്‍ ഈ ചര്‍ച്ചയില്‍ ഇടപെടുന്നു…
ഡോ. വീണ ജെ.എസ് (ആരോഗ്യ പ്രവര്‍ത്തക)
വാസുകിയുടെ ഈ വീഡിയോ ശ്രദ്ധിക്കാന്‍ കാരണം പേഴ്സണലായിട്ട് അങ്ങനെയുള്ള അനുഭവങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുമുണ്ട് ചില അവസരങ്ങളിലൊക്കെ നേരിട്ട് അനുഭവിച്ചിട്ടുമുണ്ട്. പലപ്പോഴും വസ്ത്രങ്ങള്‍ രണ്ടാമതൊരാള്‍ ഉപയോഗിക്കുമ്പോള്‍ ആള്‍ക്കാര്‍ അതിനെ മോശമായിട്ടായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. വേറെ ഇല്ലാഞ്ഞിട്ടാണോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് എന്നും ഇത് മോശമല്ലേ എന്നൊക്കെയാണ് പലരും ചോദിച്ചുകൊണ്ടിരുന്നത്. പക്ഷേ നമ്മള്‍ അതിനെ ക്വാളിറ്റി നോക്കുക. അത് റീയൂസ് ചെയ്യാന്‍ പറ്റുക എന്നത് ഏറ്റവും ഉപയോഗമുള്ള കാര്യമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൊടുക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി കൂടി ഉറപ്പുവരുത്തണമെന്നാണ്. ഇത് ഉപയോഗിക്കുന്നത് ഒരു മനുഷ്യജീവിയാണെന്ന പരിഗണന കൊടുക്കണം. പുതിയ വസ്ത്രം ഉപയോഗിക്കുന്നത് ഒരു ആഗ്രഹമായിട്ടുള്ളവരുണ്ടാകും. പക്ഷേ അതു രണ്ടും വളരെ നമുക്ക് ഒരിക്കലും മിക്‌സ് ചെയ്ത് സംസാരിക്കാന്‍ പറ്റാത്ത രീതിയില്‍ വ്യത്യസ്തമായിട്ടുള്ള കാര്യമാണ്.
വാസുകി പറയുമ്പോള്‍ പ്രിവിലേജ് ഉള്ള ഒരാള്‍ പറയുന്നതുകൊണ്ടു മാത്രമാണ് സമൂഹം അത് എടുക്കുന്നത് എന്ന രീതിയിലുള്ള വിമര്‍ശനവും ഉണ്ട്. എന്നാല്‍ വാസുകിയെപ്പോലെ പ്രിവിലേജ് ഉള്ള ഒരാള്‍ പറയുന്നത് തന്നെ ഇങ്ങനെ ഒരു കാര്യത്തിന് കൂടുതല്‍ സ്വീകാര്യതയുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നും ഇല്ലാത്ത ഒരാള്‍ ഇങ്ങനെ ഒരു കാര്യം മുന്നോട്ട് വെക്കുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ ഒരു രീതി അനുസരിച്ച് ആള്‍ക്കാര്‍ ഇത് ശ്രദ്ധിക്കില്ല. സമൂഹം എന്ന രീതിയില്‍ റിഗ്രസീവായ നമ്മുടെ പ്രശ്‌നമാണ് അത്. പക്ഷേ നല്ല സാധനങ്ങള്‍ മാത്രമേ സെക്കന്റ് യൂസിന് വേണ്ടി വില്‍ക്കാന്‍ വെക്കാവൂ, അല്ലെങ്കില്‍ നമ്മള്‍ കൊടുക്കാവൂ എന്ന് ആവര്‍ത്തിച്ച് പറയേണ്ടി വരും.
രേഖാ രാജ് (എഴുത്തുകാരി, ദളിത് ആക്ടിവിസ്റ്റ്)
ഇന്ത്യയിലെ പരിസ്ഥിതി രാഷ്ട്രീയത്തോടുള്ള ദളിതര്‍ക്കും കീഴാളര്‍ക്കുമുള്ള വിമര്‍ശനം അത് പലപ്പോഴും വരേണ്യമായിട്ടുള്ള സംഗതിയായിട്ടാണ് നില്‍ക്കുന്നത് എന്നുള്ളതായിരുന്നു.
ഈ റീസൈക്ലിങ് ഡ്രെസ് എന്നുള്ളത് തത്വത്തില്‍ സ്വീകാര്യമായിട്ടുള്ള ആശയം ആണെന്ന് തോന്നുമെങ്കിലും എനിക്ക് അതിനോടുള്ള വിയോജിപ്പ് നമ്മുടേതായ സാഹചര്യങ്ങളിലെ സാമൂഹ്യമായിട്ടുള്ള വ്യത്യസ്തകളേയും വ്യത്യസ്ത അനുഭവങ്ങളേയും തീരെ പരിഗണിക്കുന്നില്ലെന്നതാണ്.
വസ്ത്രമാണെങ്കിലും ആഭരണമാണെങ്കിലും അത് ധരിക്കാനും ധരിക്കാതിരിക്കാനും എങ്ങനെ ധരിക്കണമെന്ന് തീരുമാനിക്കുന്ന രൂപത്തിലുള്ള ക്രമമുണ്ടായിരുന്ന ഒരു നാടായിരുന്നു ഇത്. അതിനെ എല്ലാം നമ്മള്‍ അതിജീവിച്ച് വരുന്നേയുള്ളൂ.
ആത്മാഭിമാനമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദമില്ലാതിരുന്ന തലമുറയിലെ ആളുകള്‍ ഈയൊരു സംവരണം പോലെയുള്ള പല തരത്തിലുള്ള സാമൂഹ്യ മൊബിലിറ്റിയിലൂടെ കൂടുതല്‍ മെച്ചപ്പെട്ടെ സാമ്പത്തികാവസ്ഥയിലേക്ക് കടക്കുകയും നല്ല നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നത് സാമൂഹ്യാഭിമാനമായി കാണുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ ഈ ഡിമാന്റ് വന്നിരിക്കുന്നത്.
ഇതിന്റെ വലിയ പ്രശ്‌നം എന്ന് പറയുന്നത് വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിലുള്ളവരുടെ അനുഭവങ്ങളെ അത് റദ്ദ് ചെയ്യുന്നുണ്ടെന്നതാണ്. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള പ്രയോറിറ്റി ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ്.
എന്നെ സംബന്ധിടത്തോളം ഈ ചലഞ്ച് അംഗീകരിക്കാന്‍ പറ്റാത്തത് എന്റെ ശരീരം എന്നുള്ളത് അധികകാലം നിലനില്‍ക്കുന്ന അധികാരങ്ങളുള്ള ശരീരമായി ഞാന്‍ ഐഡന്റിഫൈ ചെയ്യുന്നില്ല. മറിച്ച് അത് പല തരത്തിലുള്ള ജാതിയൂടെയും ലിംഗപരതയുടേയും മുദ്രകള്‍ പേറുന്ന ഒരു ശരീരമാകുന്നത് കൊണ്ടു തന്നെ ആ ശരീരം പൊതു മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആ ശരീരത്തിന് കൊടുക്കുന്ന വിവക്ഷകള്‍ വ്യത്യസ്തമായിരിക്കും.
എന്റെ ലാളിത്യം ലാളിത്യമായി പരിഗണിക്കപ്പെടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. അത് ചിലപ്പോള്‍ എന്റെ ഗതികേടായിട്ടും വിവരമില്ലായ്മയായിട്ടും പരിഗണിക്കപ്പെടാം. സിംപ്ലിസിറ്റി എന്ന് പറയുന്നത് ഒരിക്കലും ഒരു കീഴാളസ്ത്രീ ശരീരത്തിന് അഫോര്‍ഡ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഈ ചലഞ്ചിനെ തള്ളിക്കളയുകയാണ്.
പി.കെ ഫിറോസ് (മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി)
മുന്നോട്ടുവെച്ചത് തീര്‍ച്ചയായും നല്ല ആശയമാണ്. ഇന്നത്തെ കാലത്ത് ക്ലോത്ത് വെയ്‌സ്റ്റും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന തരത്തില്‍ കുമിഞ്ഞുകൂടുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് റീയൂസ് എന്ന ആശയം വരുന്നത്. തീര്‍ച്ചയായും ആളുകള്‍ ഈ ആശയത്തെ ഏറ്റെടുക്കുകയാണെങ്കില്‍ പരിസ്ഥിതിയ്ക്ക് സംഭവിക്കാവുന്ന ദോഷത്തെ കുറച്ചുകൊണ്ടുവരാന്‍ സഹായകരമാകും.
തീര്‍ച്ചയായും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. പുതിയ തലമുറയിലെ ആളുകള്‍ കുറഞ്ഞ കാലം മാത്രം പുതിയ വസ്ത്രം ഉപയോഗിക്കുന്നത് ഫാഷനായി മാറുന്ന സമയത്ത് അതല്ല യഥാര്‍ത്ഥ ഫാഷന്‍ എന്ന് പറഞ്ഞ് “ഓള്‍ഡ് ഈ ഫാഷന്‍” എന്ന പുതിയ മുദ്രാവാക്യം മുന്നോട്ടു വെക്കുന്നത് നല്ലത് തന്നെയാണ്.
വസ്ത്രങ്ങള്‍ അതിന്റെ ലൈഫ് തീരുന്നതുവരെ ഉപയോഗിക്കാം എന്ന പ്രേരണ തീര്‍ച്ചയായും റീയൂസ് എന്ന ആശയത്തിലൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. ആ അര്‍ത്ഥത്തില്‍ ഈ ആശയത്തെ പിന്തുണയ്ക്കുന്നു. ഇതിന് ഒപ്പം ചേരുന്നു.
ആരതി രഞ്ജിത് ( മാധ്യമപ്രവര്‍ത്തക)
വാസുകി മാഡത്തിന്റെ മറ്റ് ചാലഞ്ചുകളെ പിന്തുണയ്ക്കുന്നു. പക്ഷേ പേഴ്സണല്‍ കാര്യമായി എടുക്കുമ്പോള്‍, ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഇപ്പോള്‍ പുതിയ തുണികള്‍ ഇട്ടുതുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് ഇനിയും പഴയത് ഇടാന്‍ ബുദ്ധിമുട്ടുണ്ടുണ്ട്. ഇപ്പോള്‍ പുതിയ വസ്ത്രം കിട്ടുമ്പോള്‍ ഉള്ള എന്റെ എക്സൈറ്റ്മെന്റ് ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ തീരുമായിരിക്കും. അപ്പോള്‍ പഴയ വസ്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതിന് ചിലപ്പോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാവില്ല. പെട്ടെന്ന് വാസുകി മാഡത്തിന്റെ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല.
“സിംബ”യിലെ “ആംഖ് മാറേ” പാട്ടിന് നൃത്തം ചെയ്ത് എൻ.സി.പി. എം.പി.
നല്ല ആശയമാണ് എന്ന് അറിയാം. പക്ഷേ അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ഒരുപാട് സഫര്‍ ചെയ്തുകൊണ്ടായിരിക്കണം അങ്ങനെ തോന്നുന്നത്. അവരുടെ ഐഡിയ പൂര്‍ണമായി അംഗീകരിക്കുന്നു. പക്ഷേ ഇത്രയും കാലം ഒരു പുതിയ വസ്ത്രം ഇടാത്ത ഈയടുത്ത് മാത്രം, ഒരു ജോലി കിട്ടി പുതിയ ഡ്രസ് ഉപയോഗിച്ചു തുടങ്ങുന്ന ഒരാളെന്ന നിലയ്ക്ക് ഇനിയും പഴയ ഡ്രസുകള്‍ ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ല.
അച്ഛനും അമ്മയും ഡോക്ടറും വക്കീലുമായുള്ള ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഇത് ഈസിയായിരിക്കും. ഒരാള്‍ ഉപയോഗിച്ചത് വീണ്ടു ഇടുകയെന്നത് അവര്‍ക്ക് പുതുമയായിയിരിക്കും. പക്ഷേ എന്നെയൊന്നും സംബന്ധിച്ച് അത് ഒരു പുതുമയേയല്ല.
സുസ്മേഷ് ചന്ദ്രോത്ത് (കഥാകൃത്ത്)
കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സമീപകാലത്തെ ദുരന്തരമാണ് പ്രളയവും അതിന്റെ ഭാഗമായുണ്ടായ പ്രളയ നഷ്ടവും മറ്റും. അങ്ങനെ നില്‍ക്കുന്ന കേരളത്തില്‍ കെ. വാസുകി ഐ.എ.എസിന്റെ ആശയം, പഴയതൊന്നും കളയാനുള്ളതല്ല എന്നും പഴയതിനെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നുമുള്ള ആശയത്തെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍.
പക്ഷേ അത് വസ്ത്ര ധാരണത്തിലേക്ക് മാത്രമായിട്ട് ഒതുക്കുകയാണെങ്കില്‍ ആ ആശയത്തിന് വളരാനുള്ള സാധ്യത നമ്മള്‍ തടയുന്നതുപോലെയാകും. വിപണിയില്‍ ഉള്ള എന്തിനേയും വിലകൊടുത്തു വാങ്ങാന്‍ സാധിക്കുമെന്നും നമ്മുടെ ഇഷ്ടം കഴിയുമ്പോള്‍ അത് നിര്‍ദാക്ഷിണ്യം വലിച്ചെറിയാന്‍ കഴിയുമെന്നുമുള്ള വിശ്വാസം നമ്മളെ ജീവിത ശീലത്തെ സ്വാധീനിക്കുന്നുണ്ട്. അങ്ങനെ ഉള്ള ഒരു സമൂഹത്തെ, കളയാനുള്ളതല്ല ഒന്നും എന്നും നമുക്ക് ആവശ്യമില്ലാത്തത് നമുക്ക് ചുറ്റിലുമുള്ള അനേകായിരം പേര്‍ക്ക് അത്യാവശ്യമുണ്ട് എന്നും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.
അത് പക്ഷേ കേവലം വസ്ത്രാധാരണത്തില്‍ ഒതുക്കാതെ എല്ലാ മേഖലകളിലേക്കും എത്തണം. നമ്മള്‍ വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍, നമ്മള്‍ ഉപയോഗിച്ചു കഴിഞ്ഞ ടെലിവിഷന്‍, ഫാഷന്‍ മാറി വരുമ്പോള്‍ നമ്മള്‍ മാറ്റിവെക്കുന്ന മൊബൈല്‍ ഫോണ്‍ അങ്ങനെ എല്ലാ കാര്യങ്ങൡലേക്കും നമുക്ക് അതിനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കണം.
ഞാന്‍ താമസിക്കുന്ന കൊല്‍ക്കത്തയില്‍ കണ്ടുവരുന്ന ഒരു കാര്യം, ഇവിടെ പൊട്ടിയ ചെരിപ്പ് നന്നാക്കാനും കുട നന്നാക്കാനും കീറിപ്പോയ സഞ്ചി അല്ലെങ്കില്‍ ബാഗ് തുന്നിയെടുക്കാനും എല്ലാം ഫുട്പാത്തുകളില്‍ ഇരിക്കുന്ന അത്തരം തൊഴില്‍ ചെയ്യുന്നവരുടെ അടുത്തേക്ക് പോകുന്ന ഇടത്തരക്കാരോ ഇടത്തരക്കാരുടെ മുകളിലുള്ളവരോ ആയ ഒരു ബഹുഭൂരിപക്ഷം വരുന്നവരെ കണ്ടുമുട്ടാറുണ്ട്.
അത്ഭുതകരമായ ഒരു കാര്യം കേരളത്തില്‍ ആരെങ്കിലും പഴകിക്കഴിഞ്ഞ ഒരു കുടയോ ചെരിപ്പോ നന്നാക്കിയെടുത്ത് ഉപയോഗിക്കാന്‍ കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ശ്രമിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അത് ഒരു സമൂഹത്തിന്റെ സാമ്പത്തികമായ വളര്‍ച്ചയെയാണ് കാണിക്കുന്നത് എന്നുണ്ടെങ്കില്‍ പോലും ഒരു വിശ്വമാനവന്‍, അല്ലെങ്കില്‍ ഒരു വിശ്വപൗരന്‍ എന്ന നിലയില്‍ ഇതിനെ നോക്കുന്ന ആളുകള്‍ക്ക് നമ്മുടെ ചുറ്റിലുമുള്ള, ഒന്നും ഇല്ലാത്തവരുടെ വിഷമം കൂടി മനസിലാക്കാന്‍ പറ്റുകയാണെങ്കില്‍ അത് അങ്ങനെ ചെയ്യാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്.
ഗൗതം സാരംഗ് ( ഡീ സ്‌കൂളിങ്ങിന്റെ ആദ്യ കേരള മോഡല്‍)
വളരെ നല്ല കാര്യം. അത് ഉടുത്തുകീറുന്നത് വരെ നമുക്ക് ഉപയോഗിക്കാം. അത് മാത്രമല്ല അടുത്ത തവണ പുതിയ തുണി വാങ്ങുമ്പോള്‍ പരുത്തി തുണിയാണ് വാങ്ങുന്നതെങ്കില്‍ നമുക്ക് കീറിക്കഴിഞ്ഞാലും കൈക്കലിയായിട്ടോ തറതുടക്കാനോ എടുക്കാം. പിന്നെ കുഞ്ഞുടുപ്പുകള്‍, നമ്മുടെ കുഞ്ഞുങ്ങള്‍ വലുതായി കഴിഞ്ഞാല്‍ അലക്കിത്തേച്ച് സൂക്ഷിച്ചുവെച്ച് അടുത്ത കുഞ്ഞുങ്ങള്‍ക്കും കൊടുക്കാം. കുഞ്ഞുങ്ങള്‍ക്ക് ഉടുപ്പുകള്‍ മാത്രമല്ല അതിനൊപ്പം ഇങ്ങനെയൊരു സന്ദേശം കൂടി അവര്‍ക്ക് നല്‍കാം.
സന്തോഷ് എച്ചിക്കാനം (കഥാകൃത്ത് )
വാസുകി എന്ന ഒരു കളക്ടര്‍ പാരിസ്ഥിതികമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് വളരെ ദീര്‍ഘവീക്ഷണമുള്ള ഒരു കളക്ടറാണ്. റീയൂസിന്റെ കാര്യത്തിലും അവര്‍ പറയുന്ന കാര്യം ശരിയാണ്. പക്ഷേ അത് എത്രമാത്രം പ്രാക്ടിക്കലാകുമെന്ന് പറയാന്‍ കഴിയില്ല.
കാരണം പണ്ടാണെങ്കില്‍ നമ്മുടെ വീട്ടില്‍ വീട്ടില്‍ പോലും ചേട്ടനിട്ട സാധനങ്ങള്‍ അനുജന്‍മാര് അല്ലെങ്കില്‍ അനിയത്തിമാര് ഉപയോഗിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വീട്ടില്‍ പോലും അത് പ്രാക്ടിക്കല്‍ ആക്കാന്‍ പറ്റുന്നില്ല. അത് അന്തസിന്റെ ഒരു പ്രശ്നമായൊക്കെ ആളുകള്‍ എടുക്കുന്നുണ്ട്.
വാസുകി അവിടെ നിന്ന് കിട്ടിയ ഒരു സാരി 15 വര്‍ഷം വരെ ഉപയോഗിക്കും എന്ന് പറയുന്നു. അവര്‍ അവരുടെ ലൈഫില്‍ ഒന്നോ രണ്ടോ സാരി ഉപയോഗിക്കുമെന്നല്ലാതെ നമുക്കത് എപ്പോഴും പഴയ സാധനങ്ങള്‍ ഉപയോഗിച്ച് ഒരു പുതിയ മാലിന്യ നിര്‍മാര്‍ജ സംസ്‌ക്കാരം ഇവിടെ ഉണ്ടാക്കാന്‍ പറ്റുമോ എന്നൊന്നും തോന്നുന്നില്ല.
മാത്രമല്ല മലയാളികള്‍ അതിന് എത്രത്തോളം സന്നദ്ധരാകുമെന്നും പറയാന്‍ പറ്റില്ല. മറ്റൊരു കാര്യം പഴയ സാധനങ്ങള്‍ റീ യൂസ് ചെയ്യുന്ന സമയത്ത് അത് എങ്ങനെ അണുവിമുക്തമാക്കും എന്നതും നോക്കണം. ഒരാള്‍ ഉപയോഗിച്ച സാധനമല്ലേ പല വിധത്തിലും രോഗങ്ങളും മറ്റും ഉണ്ടാകും. അങ്ങനെയുള്ള നൂറ് കൂട്ടം പ്രശ്‌നങ്ങള്‍ അതിന്റെ പിറകിലുണ്ട്. ഇത് മലയാളികള്‍ക്കിടയില്‍ ഇത് എത്രമാത്രം പ്രാക്ടിക്കലാകുമെന്ന് സംശയമുണ്ട്. പക്ഷേ ആശയം വളരെ നല്ലതാണ്.
വി.പി റജീന (മാധ്യമപ്രവര്‍ത്തക, ആക്ടിവിസ്റ്റ്)
വളരെ ശ്രദ്ധേയമായ അറ്റംറ്റാണ് വാസുകിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. ഒരാള്‍ ഉപയോഗിക്കുന്ന വസ്ത്രം നമ്മള്‍ വീണ്ടും ഉപയോഗിക്കുമ്പോള്‍ മിഥ്യാ അഭിമാനത്തിന്റെ കൂടി പ്രശ്‌നം വരുന്നുണ്ട്. അതിനെയാണ് യഥാര്‍ത്ഥത്തില്‍ കളക്ടര്‍ വാസുകി പൊളിച്ചുകളയുന്നത്. അവര്‍ ചെന്ന് അത്തരമൊരു വസ്ത്രം വാങ്ങിക്കുകയും അത് ഉടുത്ത് അവരുടെ മുന്‍പില്‍ വീണ്ടും വരികയും അതിനെ പ്രമോട്ട് ചെയ്യുകയും ചെയ്യുന്നു എന്നത് വലിയൊരു മനസാണ്.
ഇന്ന് സീറോ വേസ്റ്റ് മാനേജ്മെന്റ് കാര്യമായി ആരും ഏറ്റെടുത്തില്ല. നിലവിലുള്ള മാലിന്യപ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ അഡ്രസ് ചെയ്യുന്നുമില്ല
വീടുകളില്‍ വസ്ത്രങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പ്രളയകാലത്ത് ഉടുതുണിയ്ക്ക് മറുതുണിയില്ലാത്ത് അവസ്ഥയിലേക്ക് നമ്മള്‍ എടുത്തെറിഞ്ഞപ്പെട്ടു. റിസെഷന്‍ വരുമ്പോള്‍ മാത്രം ശ്രദ്ധിക്കേണ്ട കാര്യമല്ല ഇത്.
നമ്മുടെ വീടകങ്ങളിലുള്ള സാധനങ്ങള്‍ നമുക്ക് തന്നെ ഉപയോഗിക്കാവുന്ന പാകത്തില്‍ മാറ്റിയെടുക്കാവുന്നതിനെ കുറിച്ചും അതോടൊപ്പം തന്നെ നമ്മുടെ ഇടയില്‍ ഇത്തരം വസ്തുക്കള്‍ വാങ്ങിക്കാനും ഉപയോഗിക്കാനും കഴിയാത്ത ആളുകളിലേക്ക് എത്തിച്ചുകൊടുക്കുവാനുമുള്ള ഇത്തരം സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാക്കിക്കൊണ്ടു വരിക എന്നുകൂടിയുണ്ട്.
ഈ വസ്ത്രം ഓള്‍ട്ടര്‍ ചെയ്ത് നമുക്ക് ഉപയോഗിക്കാം. ഇത് ഒരു കള്‍ച്ചര്‍ ആയി രൂപപ്പെടണം. അതോടെ കൂടുതല്‍ വേസ്റ്റുകള്‍ ഇല്ലാതാവും. അതുവഴി നല്ല സാമൂഹ്യ പ്രകൃതിയയ്ക്ക് രൂപംകൊടുക്കാന്‍ കഴിയും, ആഢംബര ഭ്രമം കുറയ്ക്കാന്‍ കഴിയും. വാസുകി ആ വസ്ത്രം 15 വര്‍ഷമെങ്കിലും ഉപയോഗിക്കുമെന്ന് പറയുന്നുണ്ട്. ഓരോ സാധനങ്ങളുടേയും ഡ്യൂറബിലിറ്റി നമ്മള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ചായിരിക്കും. ഡ്യൂറബിളായ ഒരു മെറ്റീരിയല്‍ വൃത്തിയായി കൈകാര്യം ചെയ്ത് രണ്ടോ മൂന്നോ നാലോ വര്‍ഷം ഒരു വസ്തു ഉപയോഗിക്കുകയാണെങ്കില്‍ നമ്മള്‍ കടകളില്‍ പോയി വാങ്ങുന്നതിന്റെ അളവ് സ്വാഭാവികമായും കുറയും.