ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ പകരം വെക്കാനില്ലാത്ത പേരുകളിലൊന്നായി വിരാട് കോഹ്‌ലി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ വളരെയധികം ഇംപാക്ട് ഉണ്ടാക്കിയ താരം ടീം മേറ്റുകളുടേയും ആരാധ്യപാത്രമാണ്.
ഇപ്പോഴിതാ, വിരാട് കോഹ്‌ലിയെ കുറിച്ചുള്ള തന്റെ അനുഭവങ്ങള്‍ പറയുകയാണ് ആര്‍.സി.ബി താരവും ബംഗാള്‍ പേസറുമായ ആകാശ് ദീപ്. ബംഗാള്‍ ടീമിലെ തന്റെ സീനിയറായ മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയുടെ ഉപദേശപ്രകാരം വിരാടുമായി അടുപ്പമുണ്ടാക്കാന്‍ സാധിച്ചുവെന്നും ആകാശ് ദീപ് പറയുന്നു.
കോഹ്‌ലിയെ ഇംപ്രസ് ചെയ്യിക്കാന്‍ സാധിച്ചാല്‍ തനിക്ക് ഐ.പി.എല്‍ കളിക്കാമെന്നും, ഒരുപക്ഷേ ഇന്ത്യയ്ക്ക് വേണ്ടി പോലും കളിക്കാന്‍ സാധിക്കുമെന്നും തിവാരി തന്നോട് പറഞ്ഞിരുന്നതായി ആകാശ് ദീപ് പറയുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘വിരാട് ഇന്ത്യയുടെ ക്യാപ്റ്റനാണ്. നിനക്ക് അദ്ദേഹത്തെ ഇംപ്രസ് ചെയ്യാന്‍ സാധിച്ചാല്‍ അടുത്ത സീസണില്‍ കളിക്കാന്‍ സാധിക്കും, ഒരുപക്ഷേ ഇന്ത്യന്‍ ടീമിലും കളിക്കാന്‍ പറ്റും. കാരണം നിനക്ക് ഒരു പേസ് ബൗളറാവാനുള്ള എല്ലാ പൊട്ടെന്‍ഷ്യലും നിനക്കുണ്ട് എന്നായിരുന്നു തിവാരി പറഞ്ഞത്.
അതുതന്നെയായിരുന്നു എന്റെ ലക്ഷ്യവും. പ്രാക്ടീസ് മാച്ചുകളില്‍ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനും ലേലത്തില്‍ ഒരു ടീമിലെത്താനും എനിക്ക് സാധിച്ചു,’ ആകാശ് പറയുന്നു.
മെഗാതാരലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരം ആര്‍.സി.ബിയിലെത്തിയത്. സീസണില്‍ ബെംഗളൂരുവിനായി അഞ്ച് മത്സരം കളിച്ച ആകാശ് അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
തന്നെക്കുറിച്ച് വിരാടിന് ഒരുപാട് കാര്യങ്ങള്‍ അറിയാമായിരുന്നു എന്ന വസ്തുത തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറയുന്നു.
‘ഞാന്‍ എവിടെനിന്നാണ് വരുന്നത്, ക്രിക്കറ്റിന് പിന്നാലെയുള്ള എന്റെ യാത്രകളും പോരാട്ടങ്ങളും എല്ലാം അദ്ദേഹത്തിന് അറിയാം എന്ന കാര്യം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.
എന്നെ ടീമിലേക്കെടുത്തപ്പോള്‍ നീ ഇവിടെയെത്താന്‍ അര്‍ഹനാണ്, ഇത്രയും നാള്‍ ചെയ്തതെന്തോ, അതുതന്നെ തുടരുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ വൈകാരികമായ മുഹൂര്‍ത്തമായിരുന്നു അത്,’ ആകാശ് ദീപ് പറയുന്നു.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയിലും ബംഗാളിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഫസ്റ്റ് ക്ലാസ് മത്സരത്തിന്റെ ചരിത്രത്തിലെ തന്നെ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ അദ്ദേഹം ഞെട്ടിച്ചിരുന്നു.
Content Highlight: RCB Star Akash Deep about Virat Kohli