ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍ റൗണ്ടറുടെ സേവനമാണ് അശ്വിന്റെ പടിയിറക്കത്തോടെ ഇന്ത്യക്ക് നഷ്ടമായത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റിന് പിന്നാലെയാണ് അശ്വിന്‍ അന്താരാഷ്ട്ര കരിയറിനോട് വിട പറയുന്നത്.
അശ്വിന് പകരക്കാരന്‍ ആര് എന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാവുകയാണ്. ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടറും അശ്വിന്റെ ബൗളിങ് പാര്‍ട്ണറുമായ രവീന്ദ്ര ജഡേജ.
ഇന്ത്യയില്‍ നിരവധി യുവതാരങ്ങളുണ്ടെന്നും ഇത് അവരുടെ സുവര്‍ണാവസരമാണെന്നുമാണ് ജഡേജ പറഞ്ഞത്.
ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മികച്ച മറ്റൊരു സ്പിന്‍ ഓള്‍ റൗണ്ടര്‍ അശ്വിന് പകരക്കാരനായി എത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ ജഡേജ പറഞ്ഞു.
‘ഇന്ത്യയില്‍ നിരവധി മികച്ച, കഴിവുറ്റ താരങ്ങളുണ്ട്. ആര്‍ക്കും പകരം വെക്കാന്‍ സാധിക്കാത്തതാണ് എന്നൊന്നില്ല. നമ്മള്‍ മുന്നോട്ട് പോകണം. ഇത് പല യുവതാരങ്ങള്‍ക്കുമുള്ള സുവര്‍ണാവസരമാണ്. ഈ അവസരം ഉപയോഗപ്പെടുത്തൂ,’ ജഡേജ പറഞ്ഞു.
‘അവസാന നിമിഷം മാത്രമാണ് ഞാന്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെ കുറിച്ച് അറിഞ്ഞത്. പത്രസമ്മേളനത്തിന് അഞ്ച് മിനിട്ട് മുമ്പ്. ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങളൊന്നിച്ചാണ് ആ ദിവസം മുഴുവന്‍ ചെലവഴിച്ചത്. അതേ കുറിച്ച് ഒരു ചെറിയ സൂചന പോലും അശ്വിന്‍ എനിക്ക് നല്‍കിയില്ല. അശ്വിന്റെ ചിന്തകള്‍ എങ്ങനെയായിരിക്കുമെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയുന്നതല്ലേ (ചിരി),’ ജഡേജ പറഞ്ഞു.
സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ തന്നെയാകും അശ്വിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നാണ് വിലയിരുത്തുന്നത്. ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയ താരം പെര്‍ത്ത് ടെസ്റ്റില്‍ അശ്വിനെയും ജഡേജയെയും മറികടന്ന് പ്ലെയിങ് ഇലവന്റെ ഭാഗമാവുകയും ചെയ്തിരുന്നു.
‘എനിക്ക് തോന്നുന്നത് ഒരു ലോങ് ടേം പ്ലാനാണ് മാനേജ്‌മെന്റ് പരിഗണിക്കുന്നത് എന്നാണ്. ഇക്കാലമത്രയും വിക്കറ്റുകള്‍ വീഴ്ത്തി വളരെ മികച്ച പ്രകടനമാണ് അശ്വിന്‍ ഇന്ത്യക്കായി കാഴ്ചവെച്ചത്.
അശ്വിനിപ്പോള്‍ 38 വയസായി. ഇതുകാരണമാണ് അവര്‍ സുന്ദറിനെ ടീമിലുള്‍പ്പെടുത്തിയത്. അശ്വിന്‍ വിരമിക്കുമ്പോഴേക്കും സുന്ദറിനെ തയ്യാറാക്കിയെടുക്കാനാകും ടീമിന്റെ ശ്രമം. അവര്‍ക്കൊരു കൃത്യമായ പ്ലാന്‍ ഉണ്ടെന്നും അത് നടപ്പാക്കുകയുമാണെന്നാണ് എനിക്ക് തോന്നുന്നത്,’ എന്നായിരുന്നു ഹര്‍ഭജന്‍ പറഞ്ഞത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വാഷിങ്ടണിനെയായിരിക്കും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയെന്നും അശ്വിന്റെ വിരമിക്കലിന് പിന്നാലെ ഹര്‍ഭജന്‍ പറഞ്ഞിരുന്നു.
Content Highlight: Ravindra Jadeja about R Ashwin’s successor