national news
'രവിശങ്കര്‍ പ്രസാദ് ഗോ ബാക്ക്, ആര്‍.കെ സിന്‍ഹ സിന്ദാബാദ്' ;പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി അണികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 26, 09:49 am
Tuesday, 26th March 2019, 3:19 pm

പാറ്റ്‌ന: പാറ്റ്‌ന എയര്‍പോര്‍ട്ടില്‍ സ്വന്തം നേതാവിനെതിരെ മുദ്രാവാക്യം വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരയായിരുന്നു ഗോ ബാക്ക് വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്.

ഒരു വശത്ത് രാജ്യസഭാ എം.പി ആര്‍.കെ സിന്‍ഹയെ പിന്തുണയ്ക്കുന്നവരും മറുവശത്ത് രവിശങ്കര്‍ പ്രസാദിനെ പിന്തുണയ്ക്കുന്നവരും തമ്മിലായിരുന്നു വാഗ്വാദം നടന്നത്.

ആര്‍.കെ സിന്‍ഹയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദ് ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് ആദ്യം രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു. ആര്‍.കെ സിങ്ങിനെ തിരിച്ചുകൊണ്ടുവരണമെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.


വീടുണ്ടാക്കിയവരെ ചവിട്ടിപ്പുറത്താക്കുന്ന അവസ്ഥ; മുരളീ മനോഹര്‍ ജോഷിയെ തഴഞ്ഞ ബി.ജെ.പിയെ വിമര്‍ശിച്ച് കെജ്‌രിവാള്‍


ബീഹാറിലെ പാറ്റ്‌ന സീറ്റില്‍ ശുത്രുഘ്‌നന്‍ സിന്‍ഹയുടെ സീറ്റാണ് രവിശങ്കര്‍ പ്രസാദിന് നല്‍കിയത്. ഈ സീറ്റ് ആര്‍.കെ സിങ്ങിന് നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചതായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ബീഹാറിലെ സീറ്റ് പ്രഖ്യാപിച്ചത്. രാജ്യസഭാ എം.പി കൂടിയായിരുന്ന ആര്‍.കെ സിന്‍ഹയുടെ പേരായിരുന്നു തുടക്കത്തിലേ ഇവിടേക്ക് പരിഗണിച്ചുപോന്നത്. എന്നാല്‍ മാര്‍ച്ച് 23 ന് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് ബി.ജെ.പി പ്രഖ്യാപനം നടത്തിയത്.

ബീഹാറില്‍ ബി.ജെ.പിയും ജനതാദള്‍ യുനൈറ്റഡും 17 സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. ലോക് ജനശക്തി പാര്‍ട്ടി ആറ് സീറ്റുകളിലാണ് ജനവധി തേടുന്നത്.