കുറച്ചുകാലങ്ങളായി മലയാള സിനിമയിൽ ഓർത്തുവെക്കാൻ പറ്റിയ ഗാനങ്ങളൊന്നുമില്ലെന്ന് റസൂൽ പൂക്കുട്ടി. പാട്ടുകളിലെ കവിത്വം നഷ്ടപ്പെട്ടുപോയെന്നും റസൂൽ പൂക്കുട്ടി പറയുന്നു. സംവിധാനം ചെയ്ത ആദ്യ ചിത്രമായ ഒറ്റയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിലെ പെയ്നീർ പോലെയെന്ന പി. ജയചന്ദ്രൻ ആലപിച്ച ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ടെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ റസൂൽ പൂക്കുട്ടി പറഞ്ഞു.
‘ഞാൻ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ മലയാള സിനിമകളിലെ പാട്ടുകൾ എടുത്തുനോക്കിയാൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ്. അവയിൽ നമുക്ക് ഓർമ്മയിൽ വെക്കാൻ പറ്റുന്നത് വളരെ ചുരുക്കം ഗാനങ്ങളാണ്. എന്താണ് നമ്മുടെ സംഗീതം?
ഇന്ത്യയിലെ ജനങ്ങൾ പൊതുവേ ഒരു സംഗീത രീതിയെ പിന്തുടരുന്നുണ്ട്. പോപ്പ് സംഗീതം, റോക്ക് സംഗീതം എന്നിങ്ങനെ വ്യത്യസ്തമായ കാറ്റഗറികളിൽ സംഗീതജ്ഞന്മാരുണ്ട്. പുറത്തുള്ള രാജ്യങ്ങളിലെല്ലാം പോപ്പ് സ്റ്റാറുകളുണ്ട്. പക്ഷെ ഇന്ത്യയിലെ സംഗീതജ്ഞന്മാർ താരങ്ങൾ അല്ല. ഇന്ത്യയിൽ സംഗീതം ഉണ്ടാവുന്നത് സിനിമകൾ വഴിയാണ്.
ഇവിടെ ഷാരൂഖാൻ, അമീർഖാൻ, മമ്മൂട്ടി, മോഹൻലാലൊക്കെയാണ് സ്റ്റാറുകൾ. പാട്ടുകൾ അറിയപ്പെടുന്നത് പോലും മമ്മൂട്ടി ഹിറ്റ്സ്, ഷാരൂഖാൻ ഹിറ്റ്സ് എന്നിങ്ങനെയാണ്. ഒരിക്കലും സംഗീതജ്ഞന്റെ പേരിലല്ല.
എന്തുകൊണ്ട് നമ്മുടെ പാട്ടുകൾ ഓർമിക്കപ്പെടാതെ പോകുന്നു എന്നതിന്റെ കാരണം നമ്മുടെ സിനിമ പാട്ടുകളിൽ നിന്ന് കവിത ഇല്ലാതായത് കൊണ്ടാണ്. പാട്ടുകളിൽ നിന്ന് കവിത്വം പോയി. അത് തീർച്ചയായും തിരിച്ചു കൊണ്ടുവരണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ആ കർക്കശമായ തീരുമാനത്തിന്റെ ഭാഗമായി ഒറ്റയിൽ മികച്ച സംഗീതം വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് ഞാനും എം. ജയചന്ദ്രനും റഫീഖ് ജീയും ചേർന്നെടുത്ത തീരുമാനമായിരുന്നു.
നിശ്ചയമായിട്ടും പാട്ടുകളിൽ കവിത്വം വേണമെന്ന നിർബന്ധം ഉണ്ടായിരുന്നു. റഫീഖ് ജീയോട് ഞാൻ ആദ്യം പറഞ്ഞത് വീടിന്റെ ബന്ധങ്ങളെ കുറിച്ച് നിങ്ങൾ ഒരു കവിത എഴുതിയിട്ട് അതിനെ ഞാൻ പാട്ടാക്കാം എന്നായിരുന്നു. അദ്ദേഹം ഒരു കവിത കൊണ്ടുവന്നു. ഞാനും എം. ജയചന്ദ്രനും അതിൽ വേണ്ട മാറ്റങ്ങൾ വരുത്തി ട്യൂൺ ഇട്ട പാട്ടാണ് പെയ്നീർ പോലെ എന്ന ഗാനം.
പെയ്നീർ പോലെ പാടിയത് പി. ജയചന്ദ്രൻ ആയിരുന്നു. പാട്ട് പാടി കഴിഞ്ഞിട്ട് അദ്ദേഹം പറഞ്ഞത്, 50 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും നല്ല പാട്ട് കുട്ടനും റസൂൽ പൂക്കുട്ടിയും തന്നുവെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകളാണിത്. എന്നെ സംബന്ധിച്ച് ഇതിനേക്കാൾ വലിയൊരു അഭിനന്ദനം എനിക്ക് കിട്ടാനില്ല.
അതിനേക്കാൾ വലിയൊരു അവാർഡില്ല. ഞാൻ കേട്ട് വളർന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. ഇന്നും അതുപോലെ ഇത്രയും യുവത്വമുള്ളൊരു ശബ്‌ദം മലയാള സിനിമയെന്നല്ല ഇന്ത്യൻ സിനിമയിൽ വേറെയില്ല. അദ്ദേഹം അങ്ങനെ പറയുമ്പോൾ ഞാൻ ഒരുപാട് സന്തുഷ്ടനാണ്,’ റസൂൽ പൂക്കുട്ടി പറയുന്നു.
കഴിഞ്ഞ 27 ന് ഇറങ്ങിയ ഒറ്റ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അർജുൻ അശോകൻ, സത്യ രാജ്, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
Content Highlight: Rasool Pookutty Talk About Peyneer Poley Song In Otta Movie