തോറ്റാലെന്താ! ചരിത്രനേട്ടം പോക്കറ്റിലാക്കി; ഇതിഹാസത്തെ മറികടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം
Football
തോറ്റാലെന്താ! ചരിത്രനേട്ടം പോക്കറ്റിലാക്കി; ഇതിഹാസത്തെ മറികടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th November 2023, 10:06 am

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 4-3ന് കോപ്പന്‍ഹാഗിനെതിരെ പരാജയപ്പെട്ടു. ചാമ്പ്യന്‍സ് ലീഗിലെ യുണൈറ്റഡിന്റെ മൂന്നാം തോല്‍വിയായിരുന്നു ഇത്.

മത്സരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റെങ്കിലും ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ യുണൈറ്റഡ് താരത്തിന് സാധിച്ചു. യുണൈറ്റഡിന്റെ ഡെന്‍മാര്‍ക്ക് താരമായ റാസ്മസ് ഹോജ്‌ലന്‍ഡ് ആണ് അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് ഹോജ്‌ലന്‍ഡ് കാഴ്ചവെച്ചത്. ഇതിനു പിന്നാലെ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകള്‍ നേടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ താരമെന്ന നേട്ടത്തിലേക്കാണ് ഹോജ്‌ലന്‍ഡ് കാലെടുത്തുവെച്ചത്.

ഇതിന് മുമ്പ് ഈ നേട്ടത്തിലേത്തിയത് ദിമിതാര്‍ ബെര്‍ബറ്റോവ് ആയിരുന്നു. ബെര്‍ബെറ്റോവ് നാല് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകള്‍ ആണ് നേടിയിരുന്നത്.

ഇതിനോടൊപ്പം മറ്റൊരു സവിശേഷമായ നേട്ടവും താരം സ്വന്തമാക്കി. യുണൈറ്റഡ് മത്സരത്തില്‍ ഇരട്ട ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടവും ഈ 20കാരന്‍ സ്വന്തം പേരിലാക്കിമാറ്റി.

കോപ്പന്‍ഹാഗന്റെ ഹോം ഗ്രൗണ്ടായ പാര്‍ക്കല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം മിനിട്ടിലും ഇരുപത്തിഎട്ടാം മിനിട്ടിലും ആയിരുന്നു ഹോജ്‌ലന്‍ഡിന്റെ ഗോളുകള്‍ പിറന്നത്.

എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് കോപ്പന്‍ഹാഗ് രണ്ട് ഗോളുകളും തിരിച്ചടിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റെഡ് ഡെവിള്‍സിനെ വീണ്ടും മുന്നിലെത്തിച്ചു.

എന്നാല്‍ ആതിഥേയര്‍ വീണ്ടും രണ്ട് ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും കോപ്പന്‍ഹാഗന്‍ പിടിച്ചെടുക്കുകയായിരുന്നു. ഈ തോല്‍വിയോടെ ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമായി അവസാന സ്ഥാനത്താണ് ടെന്‍ ഹാഗും കൂട്ടരും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലുട്ടോണ്‍ ടൗണിനെതിരെയാണ് റെഡ് ഡവിള്‍സിന്റെ അടുത്ത മത്സരം.

Content Highlight: Rasmus Hojlund create a record for scored four goals in five matches in UEFA Champions League for Manchester United.