സിനിമ ചെയ്യണമെങ്കില്‍ സീരിയല്‍ നിര്‍ത്തണമായിരുന്നു, അതൊരു തെറ്റായി പോയി: രശ്മി സോമന്‍
Entertainment
സിനിമ ചെയ്യണമെങ്കില്‍ സീരിയല്‍ നിര്‍ത്തണമായിരുന്നു, അതൊരു തെറ്റായി പോയി: രശ്മി സോമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th May 2023, 12:13 am

തുടരെയുള്ള സീരിയല്‍ അഭിനയംകൊണ്ടാണ് താന്‍ സിനിമയില്‍ തിന്ന് വിട്ടുനിന്നതെന്ന് നടി രശ്മി സോമന്‍. ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്നും താരം പറഞ്ഞു. ഇന്ത്യാ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രശ്മി.

‘സിനിമയില്‍ അഭിനയിക്കാന്‍ എന്റെ അമ്മക്കൊന്നും താല്പര്യം ഇല്ലായിരുന്നു. പക്ഷെ അച്ഛന് അത് വളരെ ഇഷ്ട്ടമായിരുന്നു. എനിക്ക് കലയോട് നല്ല താല്പര്യം ആയിരുന്നു. പിന്നീടാണ് എന്നെ സീരിയലുകളിലേക്ക് വിളിക്കുന്നത്.

അന്നത്തെ സീരിയലുകളില്‍ നല്ല കഥകളും കഥാപാത്രങ്ങളും ആയിരുന്നു. അങ്ങനെ കുറെ നാള്‍ എന്റെ ജീവിതം സീരിയലിലേക്ക് വഴി തിരിഞ്ഞുപോയി. ചില സിനിമകളിലേക്ക് വിളിക്കുമ്പോള്‍ കൂടുതലും ഞാന്‍ സീരിയലില്‍ ഡേറ്റുകള്‍ കൊടുത്തുപോയിരുന്നു.

അന്ന്ഞാന്‍ അഭിനയിച്ചിരുന്നത് രണ്ടും മൂന്നും സീരിയലുകളിലാണ്. അപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ സമയം ഇല്ലാത്ത സാഹചര്യം വന്നു. അങ്ങനെ ഞാന്‍ തന്നെ സിനിമകള്‍ ഒഴിവാക്കാന്‍ തുടങ്ങി.

കുറെ നാളുകള്‍ക്ക് ശേഷം എനിക്ക് മനസ്സിലായി സിനിമകള്‍ ചെയ്യണമെങ്കില്‍ സീരിയലുകള്‍ നിര്‍ത്തണമെന്ന്. അങ്ങനെ ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് അന്ന് തോന്നിയില്ല. അത് തെറ്റായി പോയെന്ന് എനിക്കിപ്പോള്‍ തോന്നുന്നു,’ രശ്മി പറഞ്ഞു.

തനിക്ക് ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്ന് രശ്മി പറഞ്ഞു. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് വി.കെ. പ്രകാശിനോട് പറഞ്ഞപ്പോഴാണ് ലൈവ് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതെന്ന് താരം കൂട്ടിച്ചേര്‍ത്തു.

‘കുറെ നാള്‍ ഞാന്‍ സീരിയലുകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. അപ്പോള്‍ ആരും എനിക്ക് സിനിമയില്‍ അവസരം നല്‍കിയിരുന്നില്ല. ചിലപ്പോള്‍ എനിക്ക് അഭിനയിക്കാന്‍ താത്പര്യ ഇല്ലെന്ന് കരുതിക്കാണും.

ഞാന്‍ വി.കെ. പ്രകാശ് സാറിനോട് പറഞ്ഞു എനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന്.  നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ലൈവ് എന്ന ചിത്രത്തില്‍ ഒരു ഡോക്ടറിന്റെ കഥാപാത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് എനിക്ക് വളരെ സന്തോഷം നല്‍കിയ നിമിഷം ആയിരുന്നു,’ രശ്മി പറഞ്ഞു.

Content Highlights: Rashmi Soman on cinema