ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമാണ് സ്പാനിഷ് ക്ലബ്ബുകളായ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് പോരാട്ടം. എല്‍ ക്ലാസിക്കൊ എന്നറിയപ്പെടുന്ന പോരാട്ടത്തിന് ആരാധകര്‍ ഒത്തിരിയാണ്. ഇരുവരും ഏറ്റുമുട്ടുമ്പോഴെല്ലാം മികച്ച മത്സരം തന്നെ കാണാന്‍ സാധിക്കുമായിരുന്നു.
ചാമ്പ്യന്‍സ് ലീഗ്, ലാ ലീഗ ചാമ്പ്യന്‍മാരായിട്ടാണ് റയല്‍ മാഡ്രിഡ് അടുത്ത സീസണിന് കച്ചക്കെട്ടിയിറങ്ങുന്നത്. എന്നാല്‍ രണ്ടും കല്‍പ്പിച്ച് ടീമില്‍ പുതിയ മാറ്റങ്ങളുമായിട്ടാണ് ബാഴ്‌സ ഇത്തവണ ഇറങ്ങുന്നത്. ബയേണില്‍ നിന്നും സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കിയതും ബ്രസീല്‍ വിങ്ങര്‍ റാഫിന്യയെ സ്വന്തമാക്കിയതൊക്കെ ടീമിനെ തിരിച്ചുകൊണ്ടുവരാനുള്ള ഭാഗത്തിന്റെ പുറത്താണ്.
സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനമാണ് ബാഴ്‌സ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയെ ആറ് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. പുതിയ താരമായ റാഫിന്യ ടീമിനായി ഗോള്‍ നേടിയിരുന്നു.
ബാഴ്‌സയാണ് റയലിനേക്കാള്‍ വലിയ ടീമെന്നാണ് മത്സരം ശേഷം റാഫിന്യ പറഞ്ഞത്. മത്സരത്തില്‍ ഒരു ഗോളിനൊപ്പം രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരം ഈ സീസണില്‍ ബാഴ്‌സ റയലിനേക്കാള്‍ മികച്ച ടീമായിരിക്കുമെന്ന് പറഞ്ഞു.
ലീഡ്സ് യുണൈറ്റഡില്‍ നിന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 65 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫറില്‍ റഫിന്യ ബാഴ്സലോണയില്‍ എത്തിയത്. ഉടനെ തന്നെ ടീമിനൊപ്പം ചേര്‍ന്ന താരത്തിന് ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ അവസരം ലഭിക്കുകയും ചെയ്തു. റയല്‍ മാഡ്രിഡിനെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ ഗോള്‍ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയും റഫിന്യ പ്രകടിപ്പിച്ചു.
‘എന്റെ ആദ്യത്തെ ഗോള്‍ നേടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം, മികച്ചൊരു മത്സരമായിരുന്നു ഇത്. ഞാനൊരു നല്ല മത്സരത്തിന് വേണ്ടിയാണ് ശ്രമിച്ചതും. വളരെ സന്തോഷവാനാണ് ഞാന്‍, ഇതുപോലെ തന്നെ തുടരാമെന്നു പ്രതീക്ഷിക്കുന്നു.’ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ റാഫിന്യ പറഞ്ഞു.
‘ഒരാള്‍ എല്ലായിപ്പോഴും ടീമിനായി ഗോളുകള്‍ നേടാന്‍ ശ്രമിക്കും. എന്നാല്‍ അതൊരു ഡെര്‍ബിയിലാണെങ്കില്‍ ആഗ്രഹം കൂടുതലായിരിക്കും. വിജയമാണ് ഏറ്റവും പ്രധാനം. പക്ഷെ ഞാന്‍ കരുതുന്നത് ഞങ്ങള്‍ റയല്‍ മാഡ്രിഡിനെക്കാള്‍ മികച്ച ടീമാണ്,’ റാഫിന്യ വ്യക്തമാക്കി.
റോബര്‍ട്ട് ലെവന്‍ഡോസ്‌കി, റാഫിന്യ, ഡെംബലെ, ഡിപെ എന്നിവര്‍ അണിനിരക്കുന്ന ബാഴ്‌സയും സൂപ്പര്‍താരം കരിം ബെന്‍സിമ, യുവ സൂപ്പര്‍താരം വിനിഷ്യസ് ജൂനിയര്‍, റൊഡ്രിഗോ, മോഡ്രിച്ച് എന്നിവര്‍ അണിനിരിക്കുന്ന റയലും ഏറ്റുമുട്ടുമ്പോള്‍ മികച്ച മത്സരം തന്നെ കാണാന്‍ സാധിക്കും.