Sports News
രോഹിത്തിന്റെ തിരിച്ചുവരവില്‍ നേരിടേണ്ടി വന്നത് 11 വര്‍ഷമായി സംഭവിക്കാത്ത നാണക്കേട്; മുംബൈയുടെ വഴിയടയുന്നു?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 26, 03:03 am
Sunday, 26th January 2025, 8:33 am

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വരവിലും മുംബൈയ്ക്ക് രക്ഷയില്ല. രഞ്ജി ട്രോഫിയില്‍ മറ്റൊരു പരാജയം കൂടിയേറ്റുവാങ്ങിയാണ് മുംബൈ എലീറ്റ് എ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ജമ്മു കശ്മീരിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ പരാജയപ്പെട്ടത്.

11 വര്‍ഷത്തില്‍ ഇതാദ്യമായാണ് രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീര്‍ മുംബൈയെ പരാജയപ്പെടുത്തുന്നത്. ഇതോടെ എലീറ്റ് ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനും ജമ്മു കശ്മീരിന് സാധിച്ചു.

രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങി വമ്പന്‍ താരനിരയൊപ്പമുണ്ടായിട്ടും തോല്‍വി വഴങ്ങാന്‍ മാത്രമാണ് മുംബൈയ്ക്ക് സാധിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് ആദ്യ ഇന്നിങ്‌സില്‍ തൊട്ടതെല്ലാം പിഴച്ചു. രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ജെയ്‌സ്വാളും ശ്രേയസ് അയ്യരും നിരാശരാക്കി.

അര്‍ധ സെഞ്ച്വറി നേടിയ ഷര്‍ദുല്‍ താക്കൂറിന്റെ ഇന്നിങ്‌സാണ് മുംബൈയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

നാല് വിക്കറ്റ് വീതം സ്വന്തമാക്കിയ യുദ്ധ്‌വീര്‍ സിങ്ങും ഉമര്‍ നാസില്‍ മിറുമാണ് മുംബൈ പതനം വേഗത്തിലാക്കിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീര്‍ 206 റണ്‍സ് നേടി. ശുഭം ഖജൂരിയയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടീം ഫസ്റ്റ് ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയത്. 44 റണ്‍സടിച്ച ആബിദ് മുഷ്താഖും നിര്‍ണായകമായി.

ഫൈഫര്‍ നേട്ടവുമായി മോഹിത് അവസ്തി മുംബൈയ്ക്കായി ബൗളിങ്ങില്‍ തിളങ്ങി.

86 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ മുംബൈയ്ക്ക് രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി നിരാശ സമ്മാനിച്ചു. 28 റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. ജെയ്‌സ്വാളും ശ്രേയസ് അയ്യരും ക്യാപ്റ്റന്‍ രഹാനെയും മോശം പ്രകടനമാണ് പുറത്തെടുത്തത്.

ഇത്തവണയും ഷര്‍ദുല്‍ താക്കൂര്‍ ടീമിന്റെ രക്ഷകനായി. സെഞ്ച്വറി നേട്ടത്തോടെയാണ് താക്കൂര്‍ തിളങ്ങിയത്. 135 പന്ത് നേരിട്ട താരം 119 റണ്‍സടിച്ചു. 136 പന്തില്‍ 62 റണ്‍സ് നേടിയ തനുഷ് കോട്ടിയനും തന്റെ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.

ഒടുവില്‍ 290ന് മുംബൈ പുറത്തായി.

ആഖിബ് നബി നാല് വിക്കറ്റ് നേടിയപ്പോള്‍ യുദ്ധ്‌വീര്‍ സിങ് മൂന്നും ഉമര്‍ നാസില്‍ രണ്ട് വിക്കറ്റും നേടി.

205 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ മുംബൈ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഒരു മത്സരം മാത്രമാണ് മുംബൈയ്ക്ക് ബാക്കിയുള്ളത്. ദുര്‍ബലരായ മേഘാലയയാണ് എതിരാളികള്‍. സീസണില്‍ ഇതുവരെ ഒറ്റ മത്സരം പോലും വിജയിക്കാന്‍ മേഘാലയക്ക് സാധിച്ചിട്ടില്ല. മേഘാലയയ്‌ക്കെതിരെ ബോണസ് പോയിന്റും നേടി വിജയിക്കാനാണ് മുംബൈ ഒരുങ്ങുന്നത്.

അതേസമയം, നിലവില്‍ രണ്ടാമതുള്ള ബറോഡ തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ ബറോഡ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയിരുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 616 റണ്‍സിന് മുമ്പിലാണ് മഹാരാഷ്ട്ര.

മത്സരത്തില്‍ ഒരു ദിവസം ശേഷിക്കെ തോല്‍ക്കാതെ പിടിച്ചുനിന്നാല്‍ ബറോഡയ്ക്ക് ഒരു പോയിന്റ് ലഭിക്കും.

ജമ്മു കശ്മീരിനെതിരെയാണ് ബറോഡയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ വിജയിക്കുകയോ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കുകയോ ചെയ്താല്‍ മുംബൈയുടെ വഴിയടയും.

മുംബൈ – മേഘാലയ മത്സരത്തില്‍ മുംബൈ ബോണസ് പോയിന്റോടെ വിജയിക്കുകയും ജമ്മു കശ്മീര്‍ – ബറോഡ മത്സരത്തില്‍ ജമ്മു കശ്മീര്‍ പരാജയപ്പെടുകയും ചെയ്താല്‍ മുംബൈയ്ക്കും ജമ്മു കശ്മീരിനും ഒരേ പോയിന്റാകും. അങ്ങനെയെങ്കില്‍ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാകും അടുത്ത റൗണ്ടില്‍ പ്രവേശിക്കുന്ന ടീമിനെ കണ്ടെത്തുക.

 

Content Highlight: Ranji Trophy: Jammu Kashmir defeated Mumbai