രഞ്ജി ട്രോഫി സെമി ഫൈനലിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഗുജറാത്ത് 28 റണ്‍സിന് പിറകില്‍. കേരളം ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് നിലവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് എന്ന നിലയിലാണ്.
മത്സരത്തിന്റെ അവസാന ദിവസമായ നാളെ 29 റണ്‍സെടുത്താല്‍ ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ ഗുജറാത്തിന് ഫൈനല്‍ ഉറപ്പിക്കാം. മികച്ച രീതിയില്‍ ബാറ്റ് വീശുന്ന ഗുജറാത്തിന് ആദ്യ ഇന്നിങ്സ് ലീഡ് നേടാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Stumps Day 4: Gujarat – 429/7 in 153.6 overs (S A Desai 24 off 134, Jaymeet Patel 74 off 161) #GUJvKER #RanjiTrophy #Elite-SF1
— BCCI Domestic (@BCCIdomestic) February 20, 2025
എന്നാല്‍ കേരളത്തിന്റെ സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. 29 റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് ഗുജറാത്തിന്റെ ശേഷിച്ച മൂന്ന് വിക്കറ്റും പിഴുതെറിഞ്ഞാല്‍ കേരളം ഫൈനല്‍ കളിക്കും. ജലജ് സക്‌സേനയടക്കമുള്ള താരങ്ങളുടെ കരുത്തിലാണ് മലയാളി ആരാധകരുടെ എല്ലാ പ്രതീക്ഷയും അവശേഷിക്കുന്നത്.
അതേസമയം, 222/1 എന്ന ശക്തമായ നിലയിലാണ് ഗുജറാത്ത് നാലാം ദിനം ആരംഭിച്ചത്. സെഞ്ച്വറിയുമായി തിളങ്ങിയഓപ്പണര്‍ പ്രിയങ്ക് പാഞ്ചലിന്റെ കരുത്തില്‍ നാലാം ദിവസവും ഗുജറാത്ത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
പ്രിയങ്ക് പാഞ്ചല്‍
ടീം സ്‌കോര്‍ 238ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി മനന്‍ ഹിംഗ്രാജിയയെ ഗുജറാത്തിന് നഷ്ടമായി. 127 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. പിന്നാലെയെത്തിയ ഉര്‍വില്‍ പട്ടേലിനെ ഒപ്പം കൂട്ടി പാഞ്ചല്‍ വീണ്ടും റണ്‍വേട്ട തുടര്‍ന്നു.
ടീം സ്‌കോര്‍ 277ല്‍ നില്‍ക്കവെ ജലജ് സക്‌സേന മാജിക്കില്‍ പാഞ്ചലിനെ കേരളം പുറത്താക്കി. 237 പന്ത് നേരിട്ട് 148 റണ്‍സുമായാണ് താരം മടങ്ങിയത്.
ശേഷം കൃത്യമായ ഇടവേളകളില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കേരളം 357/7 എന്ന നിലയിലേക്ക് ഗുജറാത്തിനെ കൊണ്ടുചെന്നെത്തിച്ചു.
ആദ്യ ഇന്നിങ്സ് ലീഡ് നേടാന്‍ 101 റണ്‍സ് വേണമെന്നിരിക്കെ ജയ്മീത് മനീഷ്ഭായ് പട്ടേലും സിദ്ധാര്‍ത്ഥ് ദേശായിയും ചെറുത്തുനില്‍പ്പാരംഭിച്ചു.
മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ജയ്മീത് പട്ടേല്‍ 161 പന്തില്‍ 74 റണ്‍സും സിദ്ധാര്‍ത്ഥ് ദേശായി 134 പന്തില്‍ 24 റണ്‍സുമായി ബാറ്റിങ് തുടരുകയാണ്.
മത്സരത്തിന്റെ നാലാം ദിവസം കേരളത്തിനായി ജലജ് സക്‌സേന നാല് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെയും എം.ഡി. നിധീഷുമാണ് നാലാം ദിവസം കേരളത്തിനായി വിക്കറ്റ് നേടിയ മറ്റ് താരങ്ങള്‍.
അഞ്ചാം ദിവസം തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചാല്‍ കേരളത്തിന്റെ സാധ്യതകള്‍ വീണ്ടും വര്‍ധിക്കും. ഗുജറാത്തിനെ ആദ്യ ഇന്നിങ്സ് ലീഡ് നേടാന്‍ അനുവദിക്കാതിരിക്കുക എന്നത് മാത്രമായിരിക്കും കേരളത്തിന്റെ ലക്ഷ്യം.
ഗുജറാത്തിനെ ആദ്യ ഇന്നിങ്സ് ലീഡ് നേടാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചാല്‍ കിരീടത്തിലേക്ക് കേരളത്തിന് ഒരു അടി കൂടി വെക്കാം. എന്നാല്‍ മത്സരം ടൈയില്‍ അവസാനിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയെന്ന കാരണത്താല്‍ ഗുജറാത്ത് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിന് 32ഉം കേരളത്തിന് 28ഉം പോയിന്റാണുള്ളത്.
Content Highlight: Ranji Trophy Demi Final: Kerala vs Gujarat: Day 4 updates