സെവിയ്യയിലേക്കുള്ള റാമോസിന്റെ മടങ്ങിവരവ്; പ്രതിഷേധവുമായി ആരാധകര്‍
18 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയ സ്പാനിഷ് താരം സെര്‍ജിയോ റാമോസിന് ലഭിച്ച സ്വീകരണം അത്ര സുഖമുള്ളതായിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകള്‍. താരം ക്ലബ്ബുമായി കരാറിലെത്തിയതിനെ തുടര്‍ന്ന് കടുത്ത നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് സെവിയ്യ ആരാധകര്‍.
സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നുവന്ന താരമായിരുന്നു റാമോസ്. തന്റെ യാത്ര ആരംഭിച്ച ക്ലബ്ബിനൊപ്പം വീണ്ടും തിരിച്ചുവന്നപ്പോള്‍ സെവിയ്യ ആരാധകരില്‍ നിന്നുമുണ്ടായ പ്രതിഷേധം വളരെ വലുതായിരുന്നു.
2005ലാണ് റാമോസ് സെവിയ്യയില്‍ നിന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ഇത് സെവിയ്യ ആരാധകരില്‍ ഒരുപാട് നിരാശ സൃഷ്ടിച്ചിരുന്നു. കാലങ്ങള്‍ക്ക് ശേഷം താന്‍ കളി പഠിച്ച പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയ റാമോസ് സെവിയ്യ ആരാധകരോട് മാപ്പ് ചോദിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
”ഞാന്‍ തെറ്റുകള്‍ വരുത്തിയെന്ന് കരുതുന്നു, ആ സമയത്ത് എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്ന കാര്യങ്ങളിലും അസ്വസ്ഥത തോന്നിയ ഏതെങ്കിലും സെവിയ്യ കളിക്കാരനുണ്ടെങ്കില്‍ അവരോട് ക്ഷമാപണം നടത്താനും മാപ്പ് ചോദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു’. എന്നാണ് റാമോസ് വീഡിയോയിലൂടെ പറഞ്ഞത്.
ഇതിനു പിന്നാലെ സെവിയ്യ ആരാധക കൂട്ടായ്മയായ ബിരിസ് നോര്‍ടെ ട്വിറ്ററിലൂടെ റാമോസിനെതിരെ പ്രസ്താവന പുറത്തുവിട്ടു. സെര്‍ജിയോ റാമോസിനെ മാത്രമല്ല, അദ്ദേഹം വീണ്ടും കരാര്‍ ഒപ്പിട്ടതിനെയും ഇവര്‍ വിമര്‍ശിച്ചു. ‘ഈ ക്ലബ്ബിനെ മികച്ചതാക്കിയ മൂല്യങ്ങളോടുള്ള ബഹുമാനക്കുറവ്’ എന്നായിരുന്നു ഗ്രൂപ്പിന്റെ പ്രസ്താവന. ഇതിനെല്ലാം കാരണം ക്ലബ്ബ് പ്രസിഡന്റ് ജോസ് കാസ്‌ട്രോയും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ വിക്ടര്‍ ആണെന്നും അള്‍ട്രസ് പറയുകയുണ്ടായി.
ഇവര്‍ ക്ലബ്ബിന്റെ മൂല്യങ്ങളുടെ പവിത്രതയെക്കാള്‍ ‘വ്യക്തിപരമോ സാമ്പത്തികമോ ആയ താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഗ്രൂപ്പ് കുറ്റപ്പെടുത്തി. പ്രസ്താവനയില്‍ ഭൂരിഭാഗവും ക്ലബ്ബിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. റാമോസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കുറവാണെങ്കിലും ക്ലബ്ബിനായി താരം കളത്തിലറിങ്ങുമ്പോള്‍ ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടുതന്നെ അറിയണം.
16 വര്‍ഷങ്ങള്‍ക്ക് ശേഷം റയല്‍ മാഡ്രിഡില്‍ നിന്നും 2021 ലാണ് താരം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ ചേരുന്നത്. സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദ് റാമോസിനായി രംഗത്തുണ്ടായിരുന്നു. ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ക്ലബ്ബുകളും ഈ 37കാരനായി ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ആ ഓഫറുകളെല്ലാം നിരസിച്ചുകൊണ്ടാണ് താരം പഴയ ക്ലബ്ബിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ലാ ലിഗയില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ സെവിയ്യക്ക് ഒരു വിജയത്തുടക്കം സമ്മാനിക്കാന്‍ റാമോസിന്റെ വരവോടു കൂടി സാധിക്കുമോയെന്ന് കണ്ടറിയാം.
Content highlight: Ramos’ return to Sevilla; Fans protest