Malayalam Cinema
'വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്കൊപ്പം ഓണമുണ്ണാന്‍ പോയ മമ്മൂക്ക'; അനുഭവം പങ്കുവെച്ച് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 07, 05:30 am
Tuesday, 7th September 2021, 11:00 am

70ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് മലയാള സിനിമാ ലോകം. മമ്മൂട്ടിക്കൊപ്പമുള്ള ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് അദ്ദേഹവുമായി അടുത്തുനില്‍ക്കുന്നവര്‍.

അത്തരത്തില്‍ മമ്മൂട്ടിയുമായി തനിക്ക് ഒരു അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ച ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് നടനും സംവിധായകനും കോമഡി താരവുമായ രമേഷ് പിഷാരടി. 2018 ലെ വെള്ളപ്പൊക്ക സമയത്ത് മമ്മൂക്ക തന്നെ വിളിച്ച് ആവശ്യപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പിഷാരടി പറയുന്നത്.

പിഷാരടിയുടെ വാക്കുകള്‍…

” താരമാകുമ്പോള്‍, അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ ജീവിത നിലവാരം കിട്ടുമ്പോള്‍ പലരും താഴെക്കിടയിലുള്ള, അല്ലെങ്കില്‍ സമൂഹത്തില്‍ ഏറ്റവും അധികം പ്രശ്‌നം അനുഭവിക്കുന്ന ആള്‍ക്കാരുമായിട്ടുള്ള കണക്ഷന്‍ വിട്ടുപോകും. അത് അവരുടെ അഭിനയ ജീവിതത്തേയും അവരുടെ സാമൂഹ്യ ജീവിതത്തേയുമൊക്കെ ബാധിക്കുന്നത് നമ്മള്‍ കാണുന്നതാണ്.

സാധാരണക്കാര്‍ക്കൊക്കെ സ്വപ്‌നം കാണാവുന്നതിന് അപ്പുറത്തുള്ള ജീവിതനിലവാരത്തില്‍ ജീവിക്കാവുന്ന ആളാണ് മമ്മൂക്കയെങ്കിലും അദ്ദേഹത്തിനിപ്പോഴും സാധാരണക്കാരോടുള്ള അടുപ്പം വളരെ വലുതാണ്. അദ്ദേഹത്തിന്റെ സൗഹൃദങ്ങളിലുള്ള തെരഞ്ഞെടുപ്പുകളെല്ലാം നോക്കിയാല്‍ അത് നമുക്ക് കാണാന്‍ സാധിക്കും. അത് അദ്ദേഹം അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നുമുണ്ട്.

അദ്ദേഹവുമായി എനിക്ക് ഒരു ചെറിയ അടുപ്പം കിട്ടുന്നത് തന്നെ 2018 ല്‍ വെള്ളപ്പൊക്കമുണ്ടായ സമയത്താണ്. ഞാന്‍ അതിന് മുന്‍പ് അദ്ദേഹത്തോട് എന്റെ സിനിമയുടെ കഥ പറഞ്ഞ് ഇരിക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു. ‘പിഷാരടിക്ക് വീട്ടില്‍ തന്നെ ഓണം ഉണ്ണണം എന്ന് നിര്‍ബന്ധമുണ്ടോ എന്നായിരുന്നു ആദ്യം ചോദിച്ചത്. ഇല്ലെന്നും ഞാന്‍ പ്രോഗ്രാമിനൊക്കെ പോകുന്ന സമയത്ത് അങ്ങനെ നിര്‍ബന്ധങ്ങളൊന്നും ഉള്ള ആളല്ല എന്നും പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ക്യാമ്പില്‍ എനിക്കൊപ്പം ഓണം ഉണ്ണാന്‍ കൂടെ വരുമോ എന്ന് അദ്ദേഹം ചോദിച്ചു.

അതിനുള്ള കാരണവും അദ്ദേഹം പറഞ്ഞു.’ ക്യാമ്പില്‍ ഞാന്‍ പോകുമ്പോള്‍ അവിടെ ഉള്ളവര്‍ക്ക് എന്നെ കാണാം. എനിക്ക് അവരോട് ആശ്വാസ വാക്കുകള്‍ പറയാം എന്നുള്ളതേയുള്ളു. അവരെല്ലാം നഷ്ടപ്പെട്ട് ഇരിക്കുന്നവരാണ്. അവരെയൊന്ന് ചിരിപ്പിക്കണമെങ്കില്‍ അവരോട് എന്തെങ്കിലുമൊരു തമാശ പറയാനൊക്കെ പറ്റുന്ന ഒരാള്‍ ഉണ്ടാവണം.

അങ്ങനെയൊണ് തന്നോടൊപ്പം ചെങ്ങന്നൂരിലേയും നോര്‍ത്ത് പറവൂരിലെ ക്യാമ്പിലും വരാന്‍ പറ്റുമോ എന്ന് അദ്ദേഹം ചോദിക്കുന്നത്. അങ്ങനെ രണ്ട് മൂന്ന് ദിവസം അദ്ദേഹത്തോടൊപ്പം ക്യാമ്പുകളില്‍ പോകാന്‍ എനിക്ക് അവസരമുണ്ടായി. ഇത് ഒരു ഉദാഹരണം മാത്രമാണ്.

അങ്ങനെ അറിഞ്ഞും അറിയാതെയും അദ്ദേഹം ചെയ്യുന്ന നിരവധി കാര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ടാബ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടും ആളുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടും ഇപ്പോള്‍ അദ്ദേഹം തിരക്കിലാണ്. അദ്ദേഹം ചെയ്യുന്ന നന്മകളുടെ ഗുണം കൂടിയാണ് അദ്ദേഹത്തിന് തിരിച്ചുകിട്ടുന്നത്,”, പിഷാരടി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramesh Pisharody about Mammootty