Kerala News
'എസ്.എഫ്.ഐ കേരളത്തിലുണ്ടോ?'; മാര്‍ക്ക് ദാന വിവാദത്തില്‍ ചോദ്യവുമായി പ്രതിപക്ഷ നേതാവ്; ജലീല്‍ രാജിവെയ്ക്കണമെന്നു വീണ്ടും ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 19, 07:02 am
Saturday, 19th October 2019, 12:32 pm

തിരുവനന്തപുരം: മാര്‍ക്ക് ദാന ആരോപണം നേരിടുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നു വീണ്ടും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍ അഴിമതിയാണു നടന്നതെന്നും ഇനി മന്ത്രിയായി തുടരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മാറിനിന്ന് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. ജലീലിനെതിരായ ആരോപണം ശരിയെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പോലും പറയുന്നു. ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നില്ല.

മാര്‍ക്ക് ദാനത്തില്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്‍കും.’- തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ പിണറായി സര്‍ക്കാരിനു കഴിയുന്നില്ലെന്നാരോപിച്ച ചെന്നിത്തല, എസ്.എഫ്.ഐ കേരളത്തിലുണ്ടോ എന്നു പോലും സംശയിക്കേണ്ട സ്ഥിതിയാണെന്നും പറഞ്ഞു.

പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞിരുന്നു.

സിന്‍ഡിക്കേറ്റില്‍ പരീക്ഷാ നടത്തിപ്പിനായി നിയമിക്കുന്ന സമിതിക്ക് പോലും ഉത്തര പേപ്പര്‍ വിളിച്ചു വരുത്താന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പരീക്ഷാ കണ്‍ട്രോളര്‍ക്കാണ് നിയമപ്രകാരം പരീക്ഷാ നടത്തിപ്പിന്റെ ചുമതല. അതിനുമുകളില്‍ ആര്‍ക്കും പരീക്ഷയുടെ കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി അദാലത്തുകള്‍ നടത്താന്‍ സര്‍വകലാശാലയ്ക്ക് അധികാരമുണ്ട്.

എന്നാല്‍ അതില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പങ്കെടുത്തത് നിയമവിരുദ്ധമാണ്.’ അദ്ദേഹം വ്യക്തമാക്കി. വൈസ് ചാന്‍സലര്‍ക്കാണ് അദാലത്ത് നടത്താന്‍ അവകാശം.

അതേസമയം ഭരണഘടനാപരമായ അധികാരങ്ങളിലും അവകാശങ്ങളിലും പ്രൊ വൈസ് ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇടപെടാന്‍ നിയമമില്ല. വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി വരാന്‍ സാധിക്കും എന്നതില്‍ കവിഞ്ഞ് മറ്റു അധികാരമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.