'സിവില്‍ സര്‍വ്വീസ് പരീക്ഷയെ കുറിച്ച് മന്ത്രിക്ക് അടിസ്ഥാന വിവരം പോലുമില്ല'; അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ജലീലെന്നും രമേശ് ചെന്നിത്തല
Kerala News
'സിവില്‍ സര്‍വ്വീസ് പരീക്ഷയെ കുറിച്ച് മന്ത്രിക്ക് അടിസ്ഥാന വിവരം പോലുമില്ല'; അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ജലീലെന്നും രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th October 2019, 6:19 pm

കൊച്ചി: മകന്റെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കൃത്രിമത്വം കാണിച്ചെന്ന മന്ത്രി കെ.ടി ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്കു ദാനം നടത്തി പിടിക്കപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനാണ് ജലീല്‍ തന്റെ മകനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മാര്‍ക്കു കൂടുതല്‍ കിട്ടാന്‍ ലോബിയിങ് നടത്തി എന്നൊക്കെ പറയുന്ന മന്ത്രിക്ക് സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലെന്നും അന്തംവിട്ട പ്രതി എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ജലീലെന്ന് ചെന്നിത്തല പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മന്ത്രിക്ക് വസ്തുതാപരമായി മറുപടി പറയാനില്ലെന്നും തന്റെ ആരോപണത്തിന് മറുപടി പറയാതെ തന്റെ വീട്ടിലുള്ളവര്‍ക്കെതിരെ അധിക്ഷേപം നടത്തുകയാണ് മന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

തന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 210ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് മന്ത്രി ജലീല്‍ പ്രകടിപ്പിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ നടപടിക്രമങ്ങള്‍ എന്താണെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയോടോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടോ ചോദിച്ചാല്‍ മതിയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെക്കുറിച്ചുള്ള അടിസ്ഥാന വിവരമെങ്കിലും മന്ത്രിക്ക് ഉണ്ടാവേണ്ടതായിരുന്നു. മന്ത്രി ഇത്തരം അബദ്ധജടിലമായ കാര്യങ്ങള്‍ പറഞ്ഞാല്‍ പൊതുസമൂഹം ചിരിക്കുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് ലഭിച്ചതില്‍ അന്വേഷണം വേണമെന്നായിരുന്നു മന്ത്രി ജലീല്‍ പറഞ്ഞത്. ചെന്നിത്തലയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

2017 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്തു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥിക്ക് അഭിമുഖ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് ലഭിച്ചു. ആ സിവില്‍ സര്‍വീസ് പരീക്ഷയില്‍ എഴുത്ത് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ 30 മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ പ്രമുഖ നേതാവിന്റെ മകന് കിട്ടിയെന്നും ഇതിനായി ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയവര്‍ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലയെന്നും ജലീല്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാന്‍ ആവശ്യപ്പെടണമെന്നും പി.എസ്.സിയുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിര്‍ത്താന്‍ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ചെന്നിത്തലയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാര്‍ക്ക് ദാനമെന്ന് വിളിക്കുന്നതെന്നും ചരിത്രത്തില്‍ ആദ്യമായല്ല മോഡറേഷന്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരാള്‍ക്ക് മാത്രമല്ല നിരവധി പേര്‍ക്ക് മോഡറേഷന്‍ നല്‍കിയിട്ടുണ്ട്. മോഡറേഷന്‍ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കില്‍ അത് തുറന്നുപറയണമെന്നും മന്ത്രി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ അറിവോടെ സര്‍വകലാശാലകളില്‍ മാര്‍ക്ക് കുംഭകോണം നടത്തി തോറ്റ വിദ്യാര്‍ഥികളെ ജയിപ്പിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് ഗവര്‍ണറെ കാണുകയും ചെയ്തിരുന്നു.

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചു മന്ത്രിയും ഓഫിസും മാര്‍ക്കുദാനം നടത്തുകയാണെന്നു ഗവര്‍ണറുമായുള്ള കൂടികാഴ്ചയ്ക്കുശേഷം ചെന്നിത്തല ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ramesh chennithala replay to kt jaleel