ഗുജറാത്തല്ല നേമം, ഗുജറാത്തുമായി ഉപമിച്ച് നേമത്തെ ജനങ്ങളെ കുമ്മനം അപമാനിച്ചിരിക്കുകയാണ്; വിമര്‍ശനവുമായി ചെന്നിത്തല
Kerala
ഗുജറാത്തല്ല നേമം, ഗുജറാത്തുമായി ഉപമിച്ച് നേമത്തെ ജനങ്ങളെ കുമ്മനം അപമാനിച്ചിരിക്കുകയാണ്; വിമര്‍ശനവുമായി ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2021, 10:51 am

തിരുവനന്തപുരം: നേമം മണ്ഡലം ബി.ജെ.പിയുടെ ഗുജറാത്ത് ആണെന്നും പാര്‍ട്ടിക്ക് നേമത്ത് വെല്ലുവിളിയില്ലെന്നുമുള്ള ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് അവിടുത്തെ ജനങ്ങളെ അപമാനിക്കുകയാണ് കുമ്മനം ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.

‘നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണ്. നേമത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അതിന് ശേഷം വന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇവയൊക്കെ പരിശോധിക്കുമ്പോള്‍ നേമം ബി.ജെ.പിയെ കൈവിട്ടിട്ടില്ല. ബി.ജെ.പിക്ക് നേമത്ത് യാതൊരു വെല്ലുവിളിയില്ല’, എന്നായിരുന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

കുമ്മനത്തിന്റെ ഈ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കടുത്ത വിമര്‍ശനവുമായി ചെന്നിത്തല രംഗത്തെത്തിയത്.

ഗുജറാത്തിലാണ് എല്ലാ തരത്തിലുള്ള ഇന്‍ഹ്യൂമണ്‍ ആക്ടിവിറ്റീസും നടക്കുന്നത്. അങ്ങനെയൊരു സ്ഥലമായ ഗുജറാത്തുമായി നേമത്തെ ഉപമിച്ചത് അവിടെയുള്ള ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. നേമം ഇത്തവണ എന്തായാലും പിടിച്ചെടുക്കുമെന്ന നിശ്ചദാര്‍ഢ്യത്തോടെയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. വിജയപ്രതീക്ഷയുണ്ട്. അത് ഞങ്ങള്‍ തെളിയിക്കും’, എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

നേമത്ത് താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നുമായിരുന്നു കുമ്മനം ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

നേമത്ത് താന്‍ പുതിയ വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നതെന്നും എന്നാല്‍ പല സ്ഥലങ്ങളില്‍ കെട്ടിടം നോക്കിയെങ്കിലും ഒടുവില്‍ വീട് കിട്ടിയത് ശാസ്ത്രി നഗറിലാണെന്നും അത് നേമം മണ്ഡലത്തിലായി പോയി എന്നേയുള്ളൂവെന്നുമായിരുന്നു പുതിയ വീടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Criticise Kummanam Over Remark On Nemam