തിയേറ്റര്‍ റിലീസില്‍ പ്രേക്ഷകര്‍ വന്‍വിജയമാക്കി തീര്‍ത്ത ചിത്രമാണ് സീതാ രാമം. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ചിത്രം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് ആമസോണ്‍ പ്രൈമിലെത്തിയ സീതാ രാമമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
60കളില്‍ സംഭവിച്ച പ്രണയ ഗാഥ. അതാണ് ഹനു രാഘവപുടിയുടെ സംവിധാനത്തിലൊരുങ്ങിയ സീതാ രാമം. ലഫ്. റാമിന്റെ പ്രണയകഥയാണ് സീതാ രാമം പ്രധാനമായും പറയുന്നത്. പട്ടാളക്കാരനായ കാമുകന്‍, സമൂഹത്തില്‍ ഏറ്റവും ഉന്നത ശ്രേണിയിലിരിക്കുന്ന നായിക, ഇവര്‍ തമ്മിലുള്ള ഫെയറിടെയ്ല്‍ പ്രണയം, ഒന്നിക്കാനായി നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും, അങ്ങനെ മൂന്ന് മണിക്കൂര്‍ മറ്റൊരു ലോകത്തേക്ക് തന്നെയാണ് ചിത്രം പ്രേക്ഷകരെ കൊണ്ടു പോകുന്നത്.
നായകന്‍ രാമനാവുമ്പോള്‍ സ്വഭാവികയായും നായിക സീതയാവണമല്ലോ. സമീപകാലങ്ങളിലിറങ്ങിയ തെലുങ്ക് സിനിമകള്‍ക്ക് രാമ ബിംബങ്ങളോട് ഒരു പ്രത്യേക ആകര്‍ഷണമാണ്. രാജമൗലിയുടെ ആര്‍.ആര്‍.ആറിലൊക്കെ ഈ രാമബിംബങ്ങള്‍ വ്യക്തമായി തന്നെ കടന്നു വരുന്നുണ്ട്.
ആര്‍.ആര്‍.ആറിലേത് പോലെ തീവ്രമായ രീതിയിലല്ലെങ്കിലും സീതാ രാമത്തിലും ചില രാമായണ ബിംബങ്ങള്‍ കാണാം. സിനിമയുടെ പേരും നായികാ നായകന്മാരുടെ പേരിലും സീതയും രാമനും ഉള്‍പ്പെട്ടതാണ് അതിലൊന്ന്.
നായകന്‍ രാമനെ പോലെ ധീരോദാത്തനും അതിപ്രതാപഗുണവാനുമാണ്. ഒരു സ്ത്രീയെ സ്വന്തം പെങ്ങളുടെ സ്ഥാനത്ത് കാണുന്ന റാം തന്റെ സമ്പാദ്യം ഉപയോഗിച്ച് അവളുടെ ദുരവസ്ഥയില്‍ നിന്നും കരകയറ്റുന്നുണ്ട്. ജീവന്‍ പണയം വെച്ച് ഒരു കുട്ടിയെ രക്ഷിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി അദ്ദേഹം ജീവിതത്തിലുള്ളതെല്ലാം ത്യജിക്കുന്നുണ്ട്. റാം വളരെ നന്മയുള്ളവനാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, സല്‍ഗുണ സമ്പന്നനായ നായകനാണ് അദ്ദേഹം.
രാമായണത്തിലെ സീതയെ പോലെ സീതാമഹാലക്ഷ്മിയും റാമിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. റാമിന്റെ സുഹൃത്തായ ദുര്‍ജോയി ഹനുമാന് സമാനമാണ്. നാടക ആര്‍ട്ടിസ്റ്റായ ദുര്‍ജോയി ചിത്രത്തിനിടക്ക് ഹനുമാനായി തന്നെ ഒരുങ്ങിനില്‍ക്കുന്നുണ്ട്. സീതയെ കണ്ടെത്താനായി ഒപ്പം പോകുന്നതിനൊപ്പം റാമിന് സ്വന്തം വീട്ടില്‍ അഭയം നല്‍കുന്നുമുണ്ട് ദുര്‍ജോയി.
ഇന്ത്യയില്‍ നിന്നും ഒരു സൈനികന്‍ പാകിസ്ഥാനിലെത്തുമ്പോള്‍ അവിടുത്തെ നല്ലവനായ പാക്കിസ്ഥാന്‍ സൈനികന്‍ അയാള്‍ ജയ്ശ്രീറാം വിളിച്ച് അഭിസംബോധന ചെയ്യുന്നത് കല്ലുകടിയാവുന്നുണ്ട്.
ചെറിയ രീതിയില്‍ രാമായണ മിത്തോളജിക്കല്‍ കണക്ഷനുള്ള സീതാ രാമം മികച്ചൊരു മ്യൂസിക്കല്‍ സിനിമാ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
Content Highlight: ramayana image in sita ramam reshare