Film News
സംവിധാനം അറിയുന്ന നടന്‍, പൃഥ്വി ഞങ്ങളുടെ പണി കളയാന്‍ വന്നതാണോ? എമ്പുരാന്റെ സെറ്റിലെത്തി ബോളിവുഡ് ലെജന്‍ഡ് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 26, 10:03 am
Tuesday, 26th November 2024, 3:33 pm

മലയാളി സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയാണ് എമ്പുരാന്‍. ആദ്യ ഭാഗത്തെക്കാള്‍ വമ്പന്‍ പ്രൊഡക്ഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ആറ് വിദേശരാജ്യങ്ങളിലായി ചിത്രീകരിക്കുന്ന എമ്പുരാന്‍ അവസാനഘട്ട ഷൂട്ടിലേക്ക് കടക്കുകയാണ്.

ഇപ്പോഴിതാ എമ്പുരാന്റെ ലൊക്കേഷന്‍ കാണാന്‍ ബോളിവുഡിലെ ലെജന്‍ഡറി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പവും പൃഥ്വിയോടൊപ്പവും മോഹന്‍ലാലിനൊപ്പവുമുള്ള ചിത്രങ്ങള്‍ ആര്‍.ജി.വി. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഇതില്‍ പൃഥ്വിയോടൊപ്പമുള്ള ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

‘ഞാനെന്ന സംവിധായകന്‍ ഒരു നടന്‍ സംവിധാനം ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ്, താങ്കള്‍ എന്നെപ്പോലുള്ളവരുടെ പണി കളയുമോ?’ എന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. ഇതിന് പൃഥ്വി നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്.

‘മോഡേണ്‍ ഇന്ത്യന്‍ സിനിമ കണ്ടുവളര്‍ന്ന എല്ലാ ഫിലിംമേക്കര്‍മാരെയും പോലെ ഞാനും ഈ ഇതിഹാസത്തിന്റെ ക്രാഫ്റ്റ് കണ്ടാണ് വളര്‍ന്നത്. ക്യാമറയെ വ്യത്യസ്തമായ ഒരു നരേറ്റീവ് ടൂളായി ഉപയോഗിക്കുന്നതില്‍ മാസ്റ്ററാണ് ഇദ്ദേഹം. സിനിമയില്‍ മായാത്ത മുദ്രയായി ഇദ്ദേഹത്തിന്റെ വര്‍ക്കുകള്‍ നിലനില്‍ക്കും. സെറ്റില്‍ താങ്കളോടൊപ്പം സമയം ചെലവഴിച്ചതും ഒരുപാട് നേരം സംസാരിക്കാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമാണ്. താങ്കളുടെ തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുന്നു, ആ വിന്റേജ് ആര്‍.ജി.വിയുടെ അധോലോകം കാണാനായി,’ പൃഥ്വിരാജ്  കുറിച്ചു.

 

ഇനി 15 ദിവസത്തെ ഷൂട്ട് മാത്രമേ എമ്പുരാനില്‍ ബാക്കിയുള്ളൂ. തുടര്‍ന്ന് പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുന്ന ചിത്രം 2025 മാര്‍ച്ച് 25ന് തിയേറ്ററുകളിലെത്തും. ആദ്യ ഭാഗത്തിലുണ്ടായിരുന്ന താരങ്ങള്‍ക്ക് പുറമെ വിദ്യുത് ജംവാല്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും എമ്പുരാന്റെ ഭാഗമാകുന്നുണ്ട്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

Content Highlight: Ram Gopal Varma visited the sets of Empuraan