രാഹുല്‍ ഗാന്ധി സവര്‍ക്കറിനെ അപമാനിച്ചതിനുള്ള ശിക്ഷ; രാജീവ് ഗാന്ധിക്കെതിരായ ബി.ജെ.പിയുടെ പ്രസ്താവനയെ ന്യായീകരിച്ച് ശിവസേന
national news
രാഹുല്‍ ഗാന്ധി സവര്‍ക്കറിനെ അപമാനിച്ചതിനുള്ള ശിക്ഷ; രാജീവ് ഗാന്ധിക്കെതിരായ ബി.ജെ.പിയുടെ പ്രസ്താവനയെ ന്യായീകരിച്ച് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2019, 12:47 pm

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറിനെ അപമാനിച്ചതിനുള്ള ശിക്ഷയെന്ന് ശിവസേന.

‘പൊതുറാലികളില്‍ വച്ച് രാഹുല്‍ഗാന്ധി മോദിയെ കള്ളന്‍ എന്ന് വിളിച്ചു.ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ അങ്ങനെയുള്ളയൊരാളെ പ്രധാനമന്ത്രി സല്‍ക്കരിക്കാന്‍ വിളിക്കുമെന്ന്? രാജീവ് ഗാന്ധിയെകുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് തെറ്റാണെങ്കില്‍ രാഹുല്‍ ഗാന്ധി സവര്‍ക്കറിനെ അപമാനിച്ചതും തെറ്റാണ്. ‘ സാമ്ന എഡിറ്റോറിയലില്‍ വിശദീകരിക്കുന്നു.

രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്ന് വിളിച്ച മോദി ബോഫോഴ്‌സ് കേസ് പ്രതി രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും ചോദിച്ചിരുന്നു.

‘തമിഴ് സൈന്യത്തിന്റെ ആക്രമണത്തിലായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാഹുലിനും പ്രിയങ്കാഗാന്ധിക്കും പിതാവ് നഷ്ടപ്പെട്ടതില്‍ എല്ലാവരും വിഷമത്തിലായിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് രാജ്യത്തിന് വേണ്ടി രാജിവ് ഗാന്ധി മികച്ച കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. അതിനാല്‍ ത്യാഗം എന്ന പദം ഇവിടെ ഒട്ടും യോചിക്കുന്നതല്ല. അദ്ദേഹം പ്രധാനമന്ത്രിയായത് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതവും രാഷ്ട്രീയവും വളരെ മോശം രീതിയില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ വീര്‍ സവര്‍ക്കറിന്റെ സാഹചര്യം അങ്ങനെയായിരുന്നില്ല. അദ്ദേഹം പതിനാലാം വയസില്‍ രാജ്യത്തിനായി പോരാടിയ വ്യക്തിയാണ്. അവസാന ശ്വാസം വരെ ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടി. എന്നും എഡിറ്റോറിയലില്‍ പറയുന്നു.

സവര്‍ക്കറിനെ രാഹുല്‍ ഗാന്ധി അപമാനിക്കുന്നതായുള്ള വീഡിയോ ഞങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ എല്ലാവരും നാണക്കേട് എന്ന് പറയുകയായിരുന്നു. സവര്‍ക്കര്‍ ഇന്ന് അദ്ദേഹത്തിന്റെ ഭാഗം വ്യക്തമാക്കാന്‍ ജീവിച്ചിരിക്കുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തിക്ക് വളരെ വ്യക്തമായ മറുപടി നല്‍കിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മരണം അപ്രതീക്ഷിതമായിരുന്നെങ്കില്‍ സവര്‍ക്കറുടെ മരണം പ്രചോദനമായിരുന്നും എന്നും എഡിറ്റോറിയലില്‍ പറയുന്നുണ്ട്.

മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.