കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടും തുറന്ന തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ അണ്ണാത്തെ. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ലോകമെമ്പാടുമായി ചിത്രം 100 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാതെ തിയേറ്റര്‍ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു. രജനി ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തില്‍
മാസ്, ആക്ഷന്‍, കോമഡി, ഫാമിലി എലമെന്റുകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആദ്യ ദിനം തന്നെ ചിത്രം 70 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യ ദിനം 35 കോടിയോളം നേടിയെന്നും ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.
കൊവിഡ് പ്രതിസന്ധി മറികടന്ന് കൊണ്ടിരിക്കുന്ന സിനിമാ മേഖലയ്ക്ക് ഉണര്‍വാകുന്ന തരത്തില്‍ ചിത്രം റെക്കോര്‍ഡ് വിജയമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിരുത്തൈ സിവ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര, സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തില്‍ നിന്നും നടി കുളപ്പുള്ളി ലീലയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാതാക്കള്‍.