ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ആദ്യചിത്രത്തിലെ ഒരൊറ്റ സീനിലൂടെ പ്രേക്ഷകര്‍ നോട്ട് ചെയ്ത താരമായിരുന്നു രാജേഷ് മാധവന്‍.
നെല്ലിക്കാച്ചാക്കുമായി വന്നയാളെ ഒരു സൈക്കിളില്‍ വന്ന് ഇടിച്ചിടുന്നതും തുടര്‍ന്നുള്ള ചിത്രത്തിലെ രംഗങ്ങളും ഇന്ന് കാണുന്നവരിലും പൊട്ടിച്ചിരിയുണര്‍ത്തും.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത ശേഷമായിരുന്നു രാജേഷ് അഭിനയത്തിലും ഒരു പരീക്ഷണം നടത്തുന്നത്.
മഹേഷിന്റെ പ്രതികാരത്തിലെ ചെറിയ കഥാപാത്രം സ്വീകരിക്കപ്പെട്ടതോടെ മായാനദിയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പിനുമെല്ലാം രാജേഷിന് അവസരം ലഭിച്ചു. കനകംകാമിനി കലഹത്തിലെ മനാഫ് ഖാനും മിന്നല്‍ മുരളിയിലെ മാറാലഹയെന്ന ഡയലോഗ് പറയുന്ന പി.സി ടിറ്റോയായും
ശ്രദ്ധേയമായ പ്രകടനം നടത്തി രാജേഷ്.
സിനിമയിലേക്കുള്ള തന്റെ വരവിനെ കുറിച്ചും മിന്നല്‍ മുരളിയിലെ കഥാപാത്രത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജേഷ്.
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ അഭിനയിക്കുന്ന സമയത്താണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളിയിലേക്ക് വിളിക്കുന്നത്. ബേസില്‍ സിനിമകളിലെ കാരിക്കേച്ചറിസ്റ്റിക് രീതിയിലുള്ള കഥാപാത്രങ്ങളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നാറുണ്ട്. ആയൊരു എക്‌സൈറ്റ്‌മെന്റോട് കൂടി തന്നെയാണ് അഭിനയിക്കാന്‍ ചെന്നത്.
പൊലീസ് വേഷമിട്ട് കണ്ണാടി നോക്കിയപ്പോള്‍ തന്നെ ഞാന്‍ വേറൊരു ആളായി മാറി. മാറാലഹ എന്ന ഡയലോഗ് വരുന്ന സീനാണ് ഈ സിനിമയിലെ എന്റെ അടയാളപ്പെടുത്തല്‍ എന്ന് കഥ കേട്ടപ്പോള്‍ മനസിലായി.
പക്ഷേ അപ്പോഴും നടന്‍ ബൈജു ചേട്ടന്‍ അടക്കമുള്ള മുതിര്‍ന്ന അഭിനേതാക്കളുടെ കൂടെ അഭിനയിക്കുന്നതിന്റെ ടെന്‍ഷനും കൊണ്ടാണ് സെറ്റില്‍ ചെന്നത്.
അതുവരെ റിയലസ്റ്റിക് സിനിമകളില്‍ മാത്രം അഭിനയിച്ചതിനാല്‍ ഏത് രീതിയില്‍ ചെയ്യണം എന്നൊരു ആശങ്കയുണ്ടായിരുന്നു. കുറച്ച് കൂട്ടി ചെയ്‌തോ എന്ന് ബേസില്‍ പറഞ്ഞതും സംഭവം മനസിലായി. അതൊരു പുതിയ അനുഭവമായിരുന്നു, രാജേഷ് പറയുന്നു.
അഭിനയത്തിനൊപ്പം തന്നെ അസോസിയേറ്റ്, കാസ്റ്റിങ് ഡയറക്ടര്‍, ക്രിയേറ്റീവ് ഡയരക്ടര്‍ എന്നിങ്ങനെ സിനിമയിലും പിന്നണിയിലും പ്രവര്‍ത്തിക്കുകയാണ് രാജേഷ് ഇപ്പോള്‍. ഒരു സിനിമ സംവിധാനം ചെയ്യുകയെന്നതാണ് ഇനി തന്റെ ലക്ഷ്യമെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എല്ലാം ഒത്തുവന്നാല്‍ വൈകാതെ അത് സംഭവിക്കുമെന്നും രാജേഷ് പറയുന്നു.