ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, പോസ്റ്ററുകൾ സ്ഥാപിച്ചത് പൊലീസ്: രാജ്ഭവൻ വാർത്താ കുറിപ്പ്
Kerala News
ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, പോസ്റ്ററുകൾ സ്ഥാപിച്ചത് പൊലീസ്: രാജ്ഭവൻ വാർത്താ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th December 2023, 9:53 pm

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം സ്ഥാപിച്ചതാണെന്ന് രാജ്ഭവൻ പുറത്തുവിട്ട വാർത്താ കുറിപ്പ്.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് ആണ് പോസ്റ്ററുകൾ സ്ഥാപിച്ചത് എന്നും രാജഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്ത കുറിപ്പിൽ പറയുന്നു.

‘ക്യാമ്പസിനകത്തും ഗവർണർ താമസിക്കുന്ന യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിന് പുറത്തും കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അല്ലാതെ ഇങ്ങനെ സംഭവിക്കില്ലെന്നും സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകർന്നതിന്റെ തുടക്കമാണിതെന്നും ഗവർണർ വിശ്വസിക്കുന്നു.

മുഖ്യമന്ത്രിയിൽ നിന്നുള്ള ബോധപൂർവമായ ഇത്തരം നീക്കങ്ങൾ ഭരണഘടനാ സംവിധാനത്തെ തകർക്കുന്നതിന്റെ ആക്കം കൂട്ടുന്നു,’ വാർത്താ കുറിപ്പിൽ പറയുന്നു.

നേരത്തെ പൊലീസിനെ കൊണ്ട് ഗവർണർ അഴിപ്പിച്ച് ബാനറുകൾ എസ്.എഫ്.ഐ വീണ്ടും കെട്ടിയിരുന്നു. ഗവർണറുടെ കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർ കൂടുതൽ ബാനറുകൾ സർവകലാശാലയിൽ സ്ഥാപിച്ചു.

ഗവർണറെ ക്യാമ്പസുകളിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്.എഫ്.ഐ പ്രസ്താവനയെ വെല്ലുവിളിച്ച് ഗവർണർ ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ താമസിക്കാൻ എത്തും എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ എത്തി ഗവർണർക്കെതിരെ ബാനർ ഉയർത്തിയത്.

പുലർച്ചെ മൂന്നു കറുത്ത ബാനറുകളാണ് സ്ഥാപിച്ചതെങ്കിൽ നാടകീയ രംഗങ്ങളെ തുടർന്ന് രാത്രി കൂടുതൽ ബാനറുകൾ സർവകലാശാലയിൽ പ്രത്യക്ഷപ്പെട്ടു. ശാഖയിൽ പഠിച്ചത് ശാഖയിൽ മതിയെന്നും സർവ്വകലാശാലയിൽ വേണ്ടെന്നുമുള്ള ചെറിയ പോസ്റ്ററുകളും ക്യാമ്പസിൽ സ്ഥാപിച്ചിരുന്നു.

‘വീ നീഡ് ചാൻസലർ നോട്ട് സവർക്കർ’ ഉൾപ്പെടെ നിരവധി പോസ്റ്ററുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

Content Highlight: Rajbhavan releases press note accusing Banners against Governor placed at the behest of Chief Minister