ഐ.പി.എല്ലിലെ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ തേരോട്ടം. 24 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടൊപ്പം പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും സഞ്ജുവിന്റെ രാജസ്ഥാനായി.
നിര്‍ഭാഗ്യങ്ങളുടെ തോരാമഴയ്ക്കവസാനമായി ടോസ് നേടിയ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റര്‍മാര്‍ കളം നിറഞ്ഞാടുകയും ബൗളര്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യം കൃത്യമായി നിറവേറ്റുകയും ചെയ്തതോടെയാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മുന്നോട്ട് കുതിച്ചത്.
രാജസ്ഥാന്റെ ജയത്തേക്കാളും താരങ്ങളുടെ പ്രകടനത്തെക്കാളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും പങ്കുവെച്ച ഒരു ട്വീറ്റാണ്. സുനില്‍ ഗവാസ്‌കറിനെ ഉന്നം വെച്ചായിരുന്നു ടീമിന്റെ ട്വീറ്റ്.
ഗവാസ്‌കറിന്റെ ചിത്രത്തോടൊപ്പം ‘ഹിറ്റ്‌സ് ടു സിക്‌സസ്. ടേക്‌സ് എ സിംഗിള്‍. സ്മാര്‍ട്ട് ബാറ്റിംഗ്’ എന്ന ക്യാപ്ഷനോടെയായിരുന്നു ടീം ട്വീറ്റ് പങ്കുവെച്ചത്. റോയല്‍സ് ഇന്നിംഗ്‌സിലെ 13ാം ഓവറില്‍ ദേവ്ദത്ത് പടിക്കല്‍ രണ്ട് സിക്‌സറും സിംഗിളും നേടിയതിന് പിന്നാലെയായിരുന്നു ടീമിന്റെ ട്വീറ്റ്.
ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരെ സ്ഥിരമായി വിമര്‍ശനമുന്നയിക്കുന്ന താരത്തിനെതിരെയുള്ള ടീമിന്റെ പ്രതികാരമെന്നാണ് ആരാധകര്‍ ഇതിനെ വാഴ്ത്തുന്നത്. ടീമിന്റെ ട്വിറ്റര്‍ അഡ്മിനെ പുകഴ്ത്തിയും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.
Lol 😂😂 RR’s handle and their admin – the best best ever. 😅
Outstanding tweet. 😜 Just can’t stop laughing at this. https://t.co/r4JO6mhoL9
അതേസമയം, കൂറ്റന്‍ ജയത്തോടെ പ്ലേ ഓഫിന് തൊട്ടടുത്തെത്താനും രാജസ്ഥാന് സാധിച്ചു.
രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങിയ ബാറ്റര്‍മാര്‍ ഒന്നൊഴിയാതെ തകര്‍ത്തടിച്ചപ്പോള്‍ ഓപ്പണര്‍ ജോസ് ബട്ലര്‍ മാത്രമാണ് നിരാശപ്പെടുത്തിയത്. എന്നാല്‍ ഫോമിലേക്കും ടീമിലേക്കും മടങ്ങിയെത്തിയ യശസ്വി ജെയ്സ്വാളും ക്യാപ്റ്റന്‍ സഞ്ജുവും ദേവ്ദത്തും ആഞ്ഞടിച്ചതോടെ കളിയുടെ ഗതി മാറുകയായിരുന്നു.
ജെയ്സ്വാള്‍ 29 പന്തില്‍ നിന്നും 41 റണ്‍സടിച്ചപ്പോള്‍, ക്യാപ്റ്റന്‍ സഞ്ജു 24 പന്തില്‍ 32ഉം പടിക്കല്‍ 18 പന്തില്‍ നിന്നും 39ഉം റണ്‍സ് സ്വന്തമാക്കിയപ്പോള്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 178 റണ്‍സ് സ്വന്തമാക്കി.
രാജസ്ഥാന് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റും നേടിയിരുന്നു. ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും ഒബെഡ് മക്കോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോല്‍, ചഹലും അശ്വിനും ഓരോ വിക്കറ്റും സ്വന്തമാക്കി.
നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്. ചെന്നൈ സൂപ്പര്‍ കിംഗ്സിനോടാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അതില്‍ പരാജയപ്പെട്ടാലും ആദ്യ നാലില്‍ തന്നെ ഉണ്ടാവുമെന്നതിനാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ച മട്ടാണ്.