India
സവര്‍ക്കറിന് പിന്നാലെ നോട്ടു നിരോധനം എന്ന 'ചരിത്രപരമായ' നീക്കവും പാഠപുസ്തകത്തില്‍ നിന്ന് നീക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍
ജയ്പൂര്‍: സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പുസ്തകങ്ങളില്‍ നിന്നും നോട്ടു നിരോധനത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഭാഗങ്ങള്‍ നീക്കുമെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊട്ടാസര. ആര്‍.എസ്.എസ് ആചാര്യന്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ക്ക് നല്‍കിയ ധീരനായ വിപ്ലവകാരിയെന്ന പരാമര്‍ശം തിരുത്തുകയും, പകരം അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാറിന് സ്വാതന്ത്ര്യ സമരകാലത്ത് മാപ്പപേക്ഷ എഴുതി നല്‍കിയത് കൂട്ടിച്ചേര്‍ക്കുമെന്നും സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
‘ഏറ്റവും പരാജയപ്പെട്ട പരീക്ഷണങ്ങളിലൊന്നായിരുന്നു നോട്ടുനിരോധനം. നോട്ടുനിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യമായി പ്രധാനമന്ത്രി മുന്നോട്ടു വെച്ചത് മൂന്ന് കാര്യങ്ങളാണ്. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക, അഴിമതി ഇല്ലാതാക്കി കള്ളപ്പണം തിരിച്ചു കൊണ്ടു വരിക എന്നിവയായിരുന്നത്. ഇത് നടന്നില്ലെന്ന് മാത്രമല്ല നീണ്ട വരികളില്‍ നില്‍ക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. രാജ്യത്തിന് മേല്‍ 10,000 കോടി രൂപയുടെ ബാധ്യതയും ഇതു നല്‍കി’- ദെട്ടാസര പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
നോട്ടു നിരോധനം ചരിത്രപരമായ തീരുമാനമാണെന്നും, കള്ളപ്പണം ഇല്ലാതാക്കാനുള്ള നീക്കമാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ, നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചു കൊണ്ടും, പാര്‍ട്ടിയുടെ ഹിന്ദുത്വ ആശയങ്ങള്‍ എഴുതിച്ചേര്‍ത്തും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
പത്താം തരത്തിലെ പാഠ പുസ്തകത്തില്‍ സവര്‍ക്കറിനെ ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിലെ സമുന്നതനായ നേതാവായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ‘രാജ്യത്തിന്റെ വിഭജനം തടയാന്‍ അത്യന്തം പരിശ്രമിച്ച, സ്വാതന്ത്ര്യ സമരകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു വട്ടം ജീവപര്യന്തം ജയില്‍ ശിക്ഷയ്ക്ക് വിധേയനായ ധീരനായ വിപ്ലവകാരിയെന്നാണ്’ സവര്‍ക്കറിനെ വിശേഷിപ്പിക്കുന്നത്.
ഗാന്ധി വധത്തെക്കുറിച്ചോ, 2002ലെ ഗുജറാത്ത് കലാത്തെക്കുറിച്ചോ പാഠപുസ്തകങ്ങളില്‍ പരാമര്‍ശം ഇല്ലെന്നതും ശ്രദ്ധേയമാണ്. മോദി സര്‍ക്കാറിന്റെ നേട്ടങ്ങളായി സര്‍ജിക്കല്‍ സ്ട്രൈക്കും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരിത്രപരം എന്നാണ് ഇതിനെ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. സര്‍ക്കാറിന്റെ നയങ്ങളെക്കുറിച്ച് വിമര്‍ശനാത്മകമായി ഒന്നും തന്നെ പുസ്തകങ്ങളില്ല.
കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ പാഠപുസ്തകങ്ങള്‍ പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പപേക്ഷ നല്‍കിയ കാര്യം കൂട്ടിച്ചര്‍ക്കാന്‍ തീരുമാനിച്ചത്.
ഈ നീക്കം ഹിന്ദുത്വ വിരുദ്ധമാണെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനിയുടെ പ്രതികരണം.