അമൃത്‌സര്‍: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ രാജസ്ഥാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ശനിയാഴ്ച നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ താങ്ങു വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ വാങ്ങുന്നത് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാക്കുമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഗെലോട്ട് സര്‍ക്കാരിന്റെ പ്രമേയത്തിലുള്ളതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഗെലോട്ട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജസ്ഥാന്‍ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രം പാസാക്കിയ നിയമത്തെ എതിര്‍ക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്‌ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോര്‍പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
നിയമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക വിരുദ്ധ നിയമങ്ങളാണെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. പഞ്ചാബില്‍ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്കും ഭൂമിയില്ലാത്ത തൊഴിലാളികള്‍ക്കുമെതിരാണെന്നും അതിനെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രമേയം അവതരിപ്പിക്കവെ പറഞ്ഞു.
പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അമരീന്ദര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പു വെച്ചതിന് പിന്നാലെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം.
പഞ്ചാബ് പ്രമേയം പാസാക്കിയതിന് പിന്നാലെ ഛത്തീസ്ഗഡും രാജസ്ഥാനും പ്രമേയം പാസാക്കുമെന്ന് അറിയിക്കുകയായിരുന്നു.
സെപ്തംബര്‍ 20നാണ് കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം രംഗത്തെത്തിയിരുന്നു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യമെമ്പാടും വ്യാപിക്കുകയും വലിയ കര്‍ഷക പ്രക്ഷോഭമായി മാറുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക