67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ഇന്ന് ദല്‍ഹിയില്‍ നടന്നു. വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്താണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയത്.
പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിച്ച താരം തന്നെ സിനിമയിലെത്തിച്ച തമിഴ് സംവിധായകന്‍ കെ.ബാലചന്ദറിനും കര്‍ണാടകയില്‍ ഒപ്പം ജോലി ചെയ്ത ബസ് ഡ്രൈവര്‍ ലാല്‍ ബഹദൂറിനും സഹോദരന്‍ സത്യനാരായണ റാവുവിനും പ്രസംഗത്തില്‍ നന്ദി പറഞ്ഞു.
”ഈ അവാര്‍ഡ് സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഏറ്റവും ബഹുമാനിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് തന്ന് തന്നെ ആദരിച്ചതില്‍ കേന്ദ്രസര്‍ക്കാരിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ പുരസ്‌കാരം എന്റെ മെന്ററും ഗുരുവുമായ കെ.ബാലചന്ദര്‍ സാറിന് സമര്‍പ്പിക്കുന്നു. ഈ നിമിഷം ഞാന്‍ ഏറെ നന്ദിയോടെ അദ്ദേഹത്തെ ഓര്‍ക്കുന്നു.
എന്റെ സഹോദരന്‍ സത്യനാരായണനെയും ഓര്‍ക്കുന്നു. അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്നെ പഠിപ്പിച്ചതും മൂല്യബോധത്തോടെയും ആത്മീയതയോടെയും വളര്‍ത്തിയതും അദ്ദേഹമാണ്.
കര്‍ണാടകയിലെ എന്റെ സുഹൃത്ത്, ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ ലാല്‍ ബഹദൂര്‍, എന്നിലെ നടനെ തിരിച്ചറിഞ്ഞ ബസ് കണ്ടക്ടര്‍മാര്‍, എന്റെ സിനിമകളുടെ നിര്‍മാതാക്കള്‍, സംവിധായകര്‍, അണിയറപ്രവര്‍ത്തകര്‍, സഹതാരങ്ങള്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് മാധ്യമങ്ങള്‍ എല്ലാവര്‍ക്കും നന്ദി.
രജനീകാന്തിന്റെ ഭാര്യ ലത, മകള്‍ ഐശ്വര്യ, മരുമകനും നടനുമായ ധനുഷ് എന്നിവരും പുരസ്‌കാരവേദിയിലുണ്ടായിരുന്നു. ധനുഷിനാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.