കൊച്ചി: വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് അങ്ങിങ്ങായി ചെറിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത്തവണ ഏറ്റവും കൂടുതൽ ചൂട് നേരിട്ടത് പാലക്കാടു ജില്ലയാണ്. ഏറെ നാളുകളായി കടുത്ത ചൂടിൽ നട്ടം തിരിയുകയാണ് സംസ്ഥാനം. അതുകൊണ്ടുതന്നെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ജനങ്ങൾക്ക് ആശ്വാസമാകുകയാണ്.
കനത്ത ചൂട് മൂലം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ വെയിൽ കൊള്ളാൻ പാടില്ലെന്നുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇന്നും കൂടി തുടരും. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷ്യസ്വരെ താപവർധനവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയത്.
Also Read ഐ.പി.എല്ലിലെ രാജസ്ഥാന്‍ ചെന്നൈ മത്സരം; അജിങ്ക്യ രഹാനയ്ക്ക് 12 ലക്ഷം പിഴ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഏപ്രിൽ രണ്ടുവരെ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും കൂടിയ ചൂടായ 39 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് പാലക്കാടാണ്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമ്പോൾ ഞായറാഴ്ച 35 പേര്‍ക്കുകൂടി സൂര്യാഘാതമേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി 721 പേർക്കാണ് സംസ്ഥാനത്ത് പൊള്ളലേറ്റത്. എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതം 13 പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുള്ള പൊള്ളലും 20 പേര്‍ക്ക് ശരീരത്തില്‍ ചൂട് മൂലമുള്ള പാടുകളും പ്രത്യക്ഷപെട്ടിട്ടുണ്ട്.
Also Read കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ല; ഞാനൊരു ചൗക്കീദാറല്ല: ഉദ്ദവ് താക്കറേ
ആലപ്പുഴയിൽ നാല് പേർക്ക് സൂര്യാഘാതം മൂലം പൊള്ളലേറ്റിരുന്നു. കോട്ടയം, പാലക്കാട് ജില്ലകളിൽ മൂന്നുപേർക്കും എറണാകുളത്ത് രണ്ടുപേർക്കും കാസർകോട് ഒരാൾക്കുമാണ് സൂര്യാഘാതം മൂലം പൊള്ളൽ ഏൽക്കേണ്ടി വന്നത്. ആശങ്കക്ക് നേരിയശമനം ഉണ്ടായിട്ടുണ്ടെങ്കിലും മുൻകരുതൽ ഒരാഴ്ചകൂടി തുടരണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്.