കോഴിക്കോട്: കോഴിക്കോട് എസ്.എം സ്ട്രീറ്റിലെ കടകള്‍ ഉള്‍പ്പെടെ 25 സ്ഥാപനങ്ങളില്‍ ജി.എസ്.ടി വിഭാഗത്തിന്റെ പരിശോധന. എസ്.എം സ്ട്രീറ്റില്‍ ലേഡീസ് വേള്‍ഡ് ഉള്‍പ്പെടെയുള്ള എട്ട് കടകളിലാണ് ജി.എസ്.ടി വിഭാഗം പരിശോധന നടത്തുന്നത്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പരിശോധന.
തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും നികുതി വെട്ടിപ്പും രേഖകളും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചു. നാലോളം കടയുടമകളുടെ വീടുകളിലും വിവിധ കടകളിലുമായി നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് സുരക്ഷയിലാണ് പരിശോധന നടക്കുന്നത്.
25 കോടി രൂപയുടെ നികുതി തട്ടിപ്പ് നടന്നെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും ജി.എസ്.ടി ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ അശോകന്‍ പറഞ്ഞു. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുകയും അതിന്റെ കണക്കുകളില്‍ വ്യാപാരികള്‍ തട്ടിപ്പ് നടത്തുകയും ചെയ്യുന്നതായി ജി.എസ്.ടി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘കേരളത്തിലേക്ക് രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നികുതി അടക്കാതെ സാധനങ്ങള്‍ കൊണ്ടുവന്ന് ഇവിടെ വില്‍പന നടത്തുന ചില വ്യാപാരികളുണ്ട്. എല്ലാവരുമില്ല. അത്തരത്തിലുള്ള 25 സ്ഥാപനങ്ങളിലാണ് പരിശോധന. നാല് വ്യക്തികളുടേതാണ് ഈ സ്ഥാപനം,’ അദ്ദേഹം പറഞ്ഞു.