മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. തുടര്‍ച്ചയായി പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ഇത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.
മമ്മൂട്ടിക്ക് പുറമേ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.
രാഹുല്‍ സദാശിവന്റെ അടുത്ത സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നത് മുതല്‍ തന്നെ സിനിമാ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. പിന്നീട് ഭ്രമയുഗത്തിന്റെ ഓരോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററുകളും പുറത്ത് വന്നതോടെ ഈ പ്രതീക്ഷ വര്‍ധിച്ചു.
പുതിയ പരീക്ഷണ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളെ വിസ്മയിപ്പിക്കുന്ന മഹാനടന്റെ അഭിനയം എത്രത്തോളം മികച്ചതാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അതുറപ്പിക്കുന്ന തരത്തിലായിരുന്നു ട്രെയ്‌ലറിലെ മമ്മൂട്ടിയുടെ പ്രകടനവും.
എന്നാല്‍ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ സിനിമ പറയുന്നത് ടൈം ലൂപ്പാണോ എന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതിന് മറുപടി പറയുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍.
ഭ്രമയുഗത്തിന്റെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നാമെങ്കിലും ഇത് ഒരു ടൈം ലൂപ് സിനിമയല്ലെന്നാണ് അദ്ദേഹം പറയുന്നത്.
‘ട്രെയ്‌ലര്‍ കാണുമ്പോള്‍ അങ്ങനെ തോന്നിയിരിക്കാം. പക്ഷേ ഇത് ഒരു ടൈം ലൂപ് സിനിമയല്ല. കുറച്ച് എക്‌സ്പിരമെന്റല്‍ ആയ സിനിമയാണ്. നിങ്ങളത് കണ്ട് എന്‍ജോയ് ചെയ്യുക എന്നുള്ളതാണ് കാര്യം,’ രാഹുല്‍ സദാശിവന്‍ പറഞ്ഞു.
ടെക്നോളജി ഇത്രയും വളര്‍ന്ന കാലഘട്ടത്തില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ ഇറക്കിയാല്‍ അതിന്റെ പ്രസക്തി എന്താകുമെന്ന ചോദ്യത്തിന് മമ്മൂട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞു.
‘പ്രസക്തിയൊന്നും നോക്കിയിട്ടില്ല. ഒരു കാലഘട്ടത്തിന്റെ കഥയാണിത്. സിനിമ ഇല്ലാതിരുന്ന കാലഘട്ടത്താണ് ഈ സിനിമ നടക്കുന്നത്. അതുകൊണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റ് തെരഞ്ഞെടുത്തുവെന്ന് വേണമെങ്കില്‍ പറയാം.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നത് പുതിയ തലമുറ ഒട്ടും അനുഭവിച്ചിട്ടില്ലാത്ത ഒരു സംഭവമാണ്. അതുകൊണ്ട് അതൊന്ന് കണ്ടറിയാം, അതുമല്ല ഈ സിനിമ അതിനു പറ്റിയ ഒരു സിനിമയാണ്. ആളുകള്‍ക്ക് കുറച്ചുകൂടെ ഈ സിനിമയെ സത്യസന്ധമായി മനസിലാക്കാം എന്ന് തോന്നിയതു കൊണ്ടാണ് ഈ സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുത്തത്,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Rahul Sadasivan Replied To The Question Whether Bramayugam Is A Time Loop