ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി രാഹുല്‍ ഗാന്ധിയും എം.പിമാരും
national news
ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി രാഹുല്‍ ഗാന്ധിയും എം.പിമാരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 10:43 pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഡിഫന്‍സ് കമ്മിറ്റി യോഗത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിനിധികളും ഇറങ്ങിപ്പോയി.

ബുധനാഴ്ച നടന്ന യോഗത്തില്‍ ചൈനയുമായി ബന്ധപ്പെട്ട അതിര്‍ത്തി പ്രശ്‌നങ്ങളും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളും സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡിഫന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും ഇറങ്ങി പോയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിലും ചൈനയുമായി ബന്ധപ്പെട്ട അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നയരൂപീകരണ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

സഖ്യ കക്ഷികളുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചൈനയുമായി ബന്ധപ്പെട്ട അതിര്‍ത്തി പ്രശ്‌നത്തിന് പുറമെ, വിലക്കയറ്റം, ഇന്ധനവില വര്‍ധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍, വാക്‌സിന്‍ ലഭ്യതക്കുറവ് തുടങ്ങിയ വിഷയങ്ങളും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് നീക്കം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Gandhi walk out from Defense committee meeting