ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭീമമായ പാചകവാതക വിലവര്‍ധനയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മോദിജിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്. അതിന്റെ ബ്രേക്കുകളും നഷ്ടപ്പെട്ടിരിക്കുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇതിനോടൊപ്പം ഗ്രാമങ്ങളിലെ 42 ശതമാനം പേരും പാചകവാതകത്തിന്റെ ഉപയോഗം നിര്‍ത്തിയെന്ന റിപ്പോര്‍ട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഈ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളിലെ ഝാര്‍ഗ്രം, വെസ്റ്റ് മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ ഉള്‍ഗ്രാമങ്ങളിലുള്ള 42 ശതമാനം കുടുംബങ്ങള്‍ പാചകവാതക സിലിണ്ടറുകള്‍ ഉപേക്ഷിച്ചുവെന്നാണ് പറയുന്നത്.
പ്രധാന്‍മന്ത്രി ഉജ്വല യോജന വഴി രാജ്യത്തെ എല്ലായിടത്തും ഗ്യാസ് കണക്ഷന്‍ ലഭ്യമായി എന്ന വാദങ്ങളെ പൊളിക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്.
‘ഝാര്‍ഗ്രമിലേയും വെസ്റ്റ് മിഡ്‌നാപൂരിലേയും 13 ബ്ലോക്കുകളിലെ 100 പഞ്ചായത്തുകളിലായി 560 കുടുംബങ്ങളിലാണ് ഞങ്ങള്‍ സര്‍വേ നടത്തിയത്. ഇതില്‍ 42 ശതമാനം പേരും ഗ്യാസ് കണക്ഷന്‍ ഒഴിവാക്കി വിറകുകളിലേക്ക് മടങ്ങിയതായി കാണുന്നു,’ സര്‍വേ നടത്തിപ്പുകാരിലൊരാളായ പ്രവത് കുമാര്‍ പറയുന്നു.
2020 സെപ്റ്റംബറില്‍ 620.50 രൂപയുണ്ടായിരുന്ന ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 2021 നംവബര്‍ 5 ന് 926 രൂപയാണ്.
നവംബര്‍ മൂന്നിന് രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 266 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില 2000 കടന്നു. ദല്‍ഹിയില്‍ 2000.5 മുംബൈയില്‍ 1950 കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് പുതിയ വില.