നിങ്ങൾ ആരെ ആരാധിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് നിങ്ങളുടെ തീരുമാനം; ആർ.എസ്.എസും ബി.ജെ.പിയും എല്ലാത്തിനെയും ആക്രമിക്കുന്നു: രാഹുൽ ഗാന്ധി
national news
നിങ്ങൾ ആരെ ആരാധിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് നിങ്ങളുടെ തീരുമാനം; ആർ.എസ്.എസും ബി.ജെ.പിയും എല്ലാത്തിനെയും ആക്രമിക്കുന്നു: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th January 2024, 8:08 pm

കൊഹിമ: ആർ.എസ്.എസും ബി.ജെ.പിയും ഈ രാജ്യത്തെ വ്യത്യസ്തമായ സംസ്കാരങ്ങളെ ആക്രമിക്കുകയാണെന്നും ആചാരങ്ങളിലും ഭാഷകളിലും മറ്റുള്ളവർക്ക് ഇടപെടാൻ അവകാശമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസം നാഗാലാ‌ൻഡിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിൽ ആശയങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ആർ.എസ്.എസും ബി.ജെ.പിയും ഈ രാജ്യത്തെ വ്യത്യസ്തമായ സംസ്കാരങ്ങളെ ആക്രമിക്കുന്നു.

ഞാൻ ഇവിടുത്തെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ചരിത്രവും സംസ്കാരവും ആചാരങ്ങളും ജീവിതരീതിയും എനിക്ക് കാണാൻ സാധിച്ചു.

ഞാൻ പ്രസംഗം തുടങ്ങുന്നതിനു മുൻപ് എന്നോട് പറഞ്ഞിരുന്നു ഇവിടുത്തെ ജനങ്ങൾക്ക് ഇംഗ്ലീഷ് മനസ്സിലാകും എന്ന്. അത് വളരെ നല്ല കാര്യമാണ്. എന്നാൽ എന്റെ പ്രസംഗം നാഗ ഭാഷയിൽ പരിഭാഷ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുകയായിരുന്നു. നിങ്ങൾ സംസാരിക്കുന്ന ഭാഷ ഇതാണ് അതിനെ ഞാൻ ആദരിക്കേണ്ടതുണ്ട്.

കർണാടകയിലും ബംഗാളിലും കേരളത്തിലും പോകുമ്പോൾ ഞാൻ ഇതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ബിജെപിയും ആർ.എസ്.എസും ഈ ഭാഷകളെയും സംസ്കാരത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

നിങ്ങൾ എന്ത് സംസാരിക്കുന്നു, ആരെ ആരാധിക്കുന്നു, എന്ത് കഴിക്കുന്നു, നിങ്ങളുടെ വിവാഹ ചടങ്ങുകൾ എന്താണ് എന്നതെല്ലാം നിങ്ങളുടെ തീരുമാനമാണ്. ഇതിൽ മറ്റുള്ളവർ തലയിടേണ്ടതില്ല.

ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കടമയാണ് ഇതിനെയെല്ലാം ബഹുമാനിക്കുക എന്നത്.

മണിപ്പൂരിൽ സംഭവിച്ച ദുരന്തങ്ങൾക്ക് ശേഷം പ്രധാനമന്ത്രി അവിടേക്ക് പോയില്ല എന്ന് നിങ്ങളോട് പറയുവാൻ ഇന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നു.

അവരുടെ രാഷ്ട്രീയം മണിപ്പൂരിനെ കീറിമുറിച്ചിരിക്കുന്നു. അവർ ആ സംസ്ഥാനത്തെ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തിരിക്കുന്നു,’ രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ മറ്റുപ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ നാഗാലാൻഡും അസമും മണിപ്പൂരും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അനീതി നേരിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ന്യായ യാത്രയുടെ ലക്ഷ്യം മണിപ്പൂരിലെയും നാഗാലാൻഡിലെയും അസമിലെയും, വികസനത്തിന്റെ ഭാഗമാകാത്ത ജനങ്ങൾ അനുഭവിക്കുന്ന അനീതി ഇന്ത്യയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Rahul Gandhi says RSS, BJP attacking every culture in India