തമിഴ്‌നാടിനെ കുറിച്ച് പറഞ്ഞ ആ നല്ല വാക്കുകള്‍ക്ക് നന്ദി; പാര്‍ലമെന്റിലെ പ്രസംഗത്തില്‍ രാഹുലിന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍
India
തമിഴ്‌നാടിനെ കുറിച്ച് പറഞ്ഞ ആ നല്ല വാക്കുകള്‍ക്ക് നന്ദി; പാര്‍ലമെന്റിലെ പ്രസംഗത്തില്‍ രാഹുലിന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd February 2022, 1:08 pm

ന്യൂദല്‍ഹി: കേന്ദ്രഭരണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചും തമിഴ്‌നാടിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശനത്തിന് നന്ദി രേഖപ്പെടുത്തിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.

എല്ലാ തമിഴര്‍ക്കും വേണ്ടി രാഹുലിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു എം.കെ സ്റ്റാലിന്റെ ട്വീറ്റ്. ‘ഇന്ത്യന്‍ ഭരണഘടനയുടെ ആശയം ഊന്നിപ്പറയുന്ന രീതിയില്‍ പാര്‍ലമെന്റില്‍ നിങ്ങള്‍ നടത്തിയ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു.
തമിഴ്നാട്ടുകാര്‍ ഏറെ നാളായി മുന്നോട്ടുവെക്കുന്ന, സ്വാഭിമാനത്തിലൂന്നിയ രാഷ്ട്രീയ-സാംസ്‌കാരിക കാഴ്ചപ്പാടുകളെ കുറിച്ചാണ് നിങ്ങള്‍ സംസാരിച്ചെന്നും അതില്‍ നന്ദി അറിയിക്കുകയാണെന്നും’ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ, ലോക്സഭയില്‍ നടത്തിയ 45 മിനിറ്റോളം ദൈര്‍ഘ്യമുള്ള പ്രസംഗത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തെ വ്രണപ്പെടുത്തുന്നതിനെ കുറിച്ചും രാജപാരമ്പര്യത്തിന് പിന്നാലെ പോകുന്നതിനെ കുറിച്ചും രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

‘നിങ്ങള്‍ ഭരണഘടന വായിച്ചാല്‍, ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് കാണാം. അല്ലാതെ ഇന്ത്യയെ ഒരു സങ്കല്‍പ്പമെന്നല്ല വിശേഷിപ്പിക്കുന്നത്. അതായത് തമിഴ്‌നാട്ടില്‍ നിന്നുള്ള എന്റെ ഒരു സഹോദരന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എന്റെ സഹോദരന്റെ അതേ അവകാശങ്ങള്‍ ഉണ്ടായിരിക്കണം,’ രാഹുല്‍ പറഞ്ഞു.

ഇതൊരു പങ്കാളിത്തമാണ്, അല്ലാതെ രാജഭരണമല്ല. നിങ്ങളുടെ ജീവിതത്തിലൊരിക്കലും നിങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ ജനങ്ങളെ ഭരിക്കാന്‍ കഴിയില്ല. എന്തൊക്കെ സംഭവിച്ചാലും നിങ്ങള്‍ക്ക് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭരിക്കാന്‍ കഴിയില്ല.

നിങ്ങള്‍ക്ക് അവരെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യ എന്ന ആശയം ഉണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു സംസ്‌കാരമുണ്ട്, അവര്‍ക്ക് അന്തസ്സുണ്ട്, രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഒരു പാരമ്പര്യമുണ്ട്, എല്ലാ ദിവസവും ഞാന്‍ തമിഴ്‌നാട്ടിലെ ജനങ്ങളില്‍ നിന്ന് പഠിക്കുന്നു,’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

അതേസമയം ‘നിങ്ങള്‍ക്ക് ഒരിക്കലും തമിഴ്നാട്ടിലെ ജനങ്ങളെ ഭരിക്കാന്‍ കഴിയില്ല’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍ രംഗത്തെത്തി.

‘ഈ മനുഷ്യന്‍ എപ്പോള്‍ പഠിക്കും? രാഹുല്‍ ഗാന്ധി, നിങ്ങള്‍ വസ്തുതകള്‍ മനസിലാക്കൂ. ഇന്ന് പുതുച്ചേരി ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാരാണ്. അതിനര്‍ത്ഥം തമിഴ് ജനത ഞങ്ങളെ വിശ്വസിച്ചു എന്നാണ്. ദയവായി വളരൂ, സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കൂ. നിങ്ങള്‍ ഓരോ തവണയും പതറുന്നത് കാണുന്നതില്‍ വിഷമമുണ്ട്, എന്നായിരുന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്.

തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയും രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ വിളിച്ചുപറയുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

കേന്ദ്രഭരണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമായിരുന്നു പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇപ്പോള്‍ രണ്ട് തരം ഇന്ത്യയാണുളളതെന്ന് രാഹുല്‍ തുറന്നടിച്ചു. ഒന്ന് പണക്കാരുടെയും മറ്റൊന്ന് പാവങ്ങളുടെയും. ഇവര്‍ ഇരു വിഭാഗങ്ങളും തമ്മിലെ അന്തരം രാജ്യത്ത് വര്‍ദ്ധിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

രാജ്യത്ത് കോണ്‍ഗ്രസ് 1947ല്‍ തകര്‍ത്ത രാജപാരമ്പര്യം ബി.ജെ.പി തിരികെ കൊണ്ടുവന്നെന്നും രാഹുല്‍ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും ഒരിക്കലും ബി.ജെ.പിയ്ക്ക് ഭരിക്കാനാവില്ല. നെഹ്‌റുവിന്റെ ജയില്‍വാസത്തെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെയും സൂചിപ്പിച്ച രാഹുല്‍ പ്രധാനമന്ത്രി കളിക്കുന്നത് അപകടം നിറഞ്ഞ കളിയാണെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.

രാജ്യത്തെ 23 കോടി ജനങ്ങളെ കേന്ദ്രം തിരികെ പട്ടിണിയിലേക്ക് തളളിയിട്ടതായും അദാനിയ്ക്ക് ഒരു മേഖലയും അംബാനിയ്ക്ക് മറ്റൊരു മേഖലയും കേന്ദ്രം നല്‍കിയതായും ഇതുവഴി ചെറുകിട ഇടത്തരം കച്ചവടക്കാരെല്ലാം തകര്‍ന്നതായും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിലെ സാധാരണക്കാര്‍ പട്ടിണിയിലേക്ക് പോകുമ്പോള്‍ അദാനിയുടേയും അംബാനിയുടേയും വരുമാനം കുതിച്ചുയരുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.