'സവര്‍ക്കറെ കുറിച്ച് മിണ്ടരുത്'; രാഹുലിന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്, അവഗണിച്ച് രാഹുല്‍; റിപ്പോര്‍ട്ട്
national news
'സവര്‍ക്കറെ കുറിച്ച് മിണ്ടരുത്'; രാഹുലിന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്, അവഗണിച്ച് രാഹുല്‍; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2022, 4:30 pm

മുബൈ: ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കറെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ മഹാരാഷ്ട്രയിലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉപദേശം അവഗണിച്ചെന്ന് റിപ്പോര്‍ട്ട്.

ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയില്‍ നടത്തിയ പ്രസംഗങ്ങളില്‍ സവര്‍ക്കറുടെ കത്ത് ഉള്‍പ്പെടെ പരാമര്‍ശിച്ചത് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. മഹാരാഷട്രയിലെ കോണ്‍ഗ്രസിലെ സോഴ്‌സിനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സവര്‍ക്കറെക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കരുതെന്ന് പാര്‍ട്ടിയിലെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുലിന്റെ പരാമര്‍ശങ്ങള്‍ ശിവസേനയുമായുള്ള ബന്ധത്തിന് കോട്ടം തട്ടിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക.

‘ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പ്രതികരണമാണ് ഈ ആശങ്കകള്‍ക്ക് പിന്നിലുള്ളത്. സംസ്ഥാന ഘടകത്തിന്റെ നേതാക്കള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിച്ചു.

തൊഴിലില്ലായ്മ, പണപ്പെരുപ്പം, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാഹുലിനോട് പ്രത്യേകം ആവശ്യപ്പെട്ടു,’ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു സോഴ്‌സ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നേരത്തെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ ഭാരത് ജോഡോയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് മഹാവികാസ് അഘാഡി സഖ്യം വിടുമെന്ന സൂചന ശിവസേന നല്‍കിയിരുന്നു.

ശിവസേനയെ സംബന്ധിച്ചിടത്തോളം സവര്‍ക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഗൗരവമേറിയതാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു. സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഈയൊരുഘട്ടത്തില്‍ കോണ്‍ഗ്രസ് സവര്‍ക്കര്‍ വിഷയം ഉയര്‍ത്തേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ മട്ടില്‍ സഖ്യം തുടരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന നിലപാടാണ് നേതൃത്വത്തിനുമുള്ളത്. നിര്‍ണായക തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വൈകാതെ കൈക്കൊള്ളുമെന്ന് പാര്‍ട്ടി എം.പി അരവിന്ദ് സാവന്തും പറഞ്ഞു.

സവര്‍ക്കര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതീകമാണെന്നും രണ്ട് മൂന്ന് വര്‍ഷം ആന്‍ഡമാനില്‍ ജയിലില്‍ കിടന്നപ്പോള്‍ ദയാഹര്‍ജി എഴുതാന്‍ തുടങ്ങിയെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതി കൊടുത്ത മാപ്പപേക്ഷയുടെ പകര്‍പ്പ് എടുത്ത് കാണിച്ചും രാഹുല്‍ പ്രതികരണം നടത്തിയിരുന്നു.

CONTENT HIGHLIGHT: Rahul Gandhi’s statements on V.D. Savarkar have reportedly ignored the Maharashtra state government’s advice