ഹിന്ദു മുസ്‌ലിം ധ്രുവീകരണത്തിന് മാധ്യമങ്ങള്‍ കൂട്ട്; രാജ്യം ഭരിക്കുന്നത് മോദിയല്ല, അംബാനിയും അദാനിയും: രാഹുല്‍ ഗാന്ധി
national news
ഹിന്ദു മുസ്‌ലിം ധ്രുവീകരണത്തിന് മാധ്യമങ്ങള്‍ കൂട്ട്; രാജ്യം ഭരിക്കുന്നത് മോദിയല്ല, അംബാനിയും അദാനിയും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2022, 11:58 pm

ന്യൂദല്‍ഹി: രാജ്യം നേരിടുന്ന യഥാര്‍ഥ്യ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ഹിന്ദു മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കുകയാണെന്നും ഇതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ദല്‍ഹി പര്യടനത്തിന്റെ സമാപനത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരല്ലെന്നും അംബാനി, അദാനി സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റാലിക്ക് സ്‌നേഹവും പിന്തുണയും നല്‍കിയ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

‘ഞാന്‍ 2800 കിലോമീറ്ററാണ് നടന്നത്. അതേസമയം കര്‍ഷകര്‍ 12,000 മുതല്‍ 15,000 കിലോമീറ്ററിലധികമാണ് ജീവിതത്തിലുടനീളം നടക്കുന്നത്. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മുമ്പില്‍ ബാങ്കുകള്‍ അവരുടെ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ്.

രാജ്യത്തെ ചില ശതകോടീശ്വന്മാര്‍ക്ക് ഒരു ലക്ഷം കോടി മുതല്‍ മൂന്ന് ലക്ഷം കോടി വരെയാണ് നല്‍കുന്നത്.

എന്നാല്‍ ചെറുകിടവ്യാപാരികളും കര്‍ഷകരും ചെല്ലുമ്പോള്‍ നിഷ്‌കരുണം തള്ളിപ്പുറത്താക്കുന്നു. മോദി നോട്ട് നിരോധനം കൊണ്ടുവന്നു, ജി.എസ്.ടി. നടപ്പിലാക്കി. ഇത് രാഷ്ട്രീയമല്ല, ആയുധങ്ങളാണ്. ചെറുകിട- ഇടത്തരം വ്യാപാരികളെ കൊല്ലാനുള്ള ആയുധങ്ങള്‍,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

തലസ്ഥാനത്ത് ശക്തി പ്രകടിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന വെറുപ്പ് നിറഞ്ഞ മാര്‍ക്കറ്റില്‍ കോണ്‍ഗ്രസ് സ്നേഹത്തിന്റെ കട തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തുള്ള സാധാരണക്കാരായ ജനങ്ങള്‍ സ്നേഹത്തെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമുള്ളവരാണ് എന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ഓരോ സംസ്ഥാനത്ത് എത്തുമ്പോഴും യാത്രയെ പിന്തുണച്ച് കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ദല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയ്ക്ക് പ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേരാണ് നേതൃത്വം നല്‍കിയത്,’ രാഹുല്‍ പറഞ്ഞു.

അതേസമയം, യാത്രക്ക് ചെങ്കോട്ടയില്‍ താല്‍കാലിക വിരാമമാകും. ഒമ്പത് ദിവസത്തെ ഇടവേളക്കു ശേഷം ജനുവരി മൂന്നിന് യാത്ര പുനരാരംഭിക്കും. നടന്‍ കമല്‍ ഹാസന്‍, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിങ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ധീപ് സുര്‍ജേവാല എന്നിവരും ശനിയാഴ്ച യാത്രയുടെ ഭാഗമായി.