'കോടീശ്വരന്മാരുടെ പാവ'; ചുവന്ന പുസ്തകം ശൂന്യമാണെന്ന പരാമര്‍ശത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി
national news
'കോടീശ്വരന്മാരുടെ പാവ'; ചുവന്ന പുസ്തകം ശൂന്യമാണെന്ന പരാമര്‍ശത്തില്‍ മോദിക്ക് രാഹുലിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2024, 5:42 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന വായിക്കാത്തവര്‍ക്ക് എന്തും പറയാമെന്നാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലുടനീളം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പിടിച്ച ചുവന്ന പുസ്തകം ശൂന്യമാണെന്ന മോദിയുടെ പരമാര്‍ശത്തിനെതിരെയാണ് പ്രതികരണം.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദുര്‍ബാര്‍, നന്ദേഡ് എന്നിവിടങ്ങളില്‍ ഇന്നലെ (വ്യാഴാഴ്ച) നടന്ന റാലികളില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചത്.

‘ഒരിക്കൽപ്പോലും ഭരണഘടന വായിക്കാത്ത ഒരാള്‍ക്ക് അങ്ങനെയെല്ലാം തോന്നും,’ എന്നാണ് രാഹുല്‍ പറഞ്ഞത്.ഭരണഘടന ഇന്ത്യയുടെ ആത്മാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണഘടന ശില്‍പിയായ ബി.ആര്‍. അംബേദ്ക്കറുടെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും തത്വങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ഭരണഘടനയെന്നും രാഹുല്‍ മോദിയോട് പറഞ്ഞു.

മോദിയുടെ പരാമര്‍ശം അംബേദ്ക്കറെയും ഗാന്ധിയെയും അപമാനിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അടിസ്ഥാന രേഖയായ ഭരണഘടന വായിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രി വ്യത്യസ്ത നയങ്ങള്‍ പിന്തുടര്‍ന്നേനെയെന്നും രാഹുല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആദ്യനടപടിയായി ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിനെതിരെയും രാഹുല്‍ വിമര്‍ശനം ഉയര്‍ത്തി.

മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കേണ്ട വ്യവസായ പദ്ധതികള്‍ മഹായുതി സര്‍ക്കാര്‍ അയല്‍സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കിയെന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ മഹാ വികാസ് അഘാഡി സഖ്യം ഭരണത്തിലേറിയാല്‍ മഹാരാഷ്ട്രയ്ക്ക് ലഭിക്കേണ്ടതും ഗുജറാത്തിന് ലഭിക്കേണ്ടതും കൃത്യം കൃത്യമായി നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

മഹായുതി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ മൂലം സംസ്ഥാനത്തെ യുവാക്കള്‍ തൊഴില്‍രഹിതരായെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. അതേസമയം ഇന്ന് (വെള്ളിയാഴ്ച) ജാര്‍ഖണ്ഡില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ മോദിക്കെതിരെ രാഹുല്‍ വീണ്ടും വിമര്‍ശനമുയര്‍ത്തി.

ഇന്ത്യന്‍ ഭരണഘടന ബി.ജെ.പി ചവറ്റുകുട്ടയില്‍ എറിയുകയാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മോദി ശതകോടീശ്വരന്മാരുടെ പാവയാണെന്നും താന്‍ അദ്ദേഹത്തെയോ മോദിയുടെ നെഞ്ചിനെയോ പേടിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlight: Rahul gandhi’s reply to Modi on the remark that the red book is empty