കൊച്ചി: എന്‍.ഐ.എ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തുന്ന റെയ്ഡില്‍ പ്രതികണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാത്തരം വര്‍ഗീയതയെയും നേരിടണം. വര്‍ഗീയതയോട് ഒരു തരത്തിലുള്ള വീഴ്ചയും പാടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും, കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് നല്ലതാണെന്നും, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ അങ്കമാലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ഇടതുമുന്നണി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകള്‍ നേര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ മുന്നോട്ടുവെക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടത് സര്‍ക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്. എന്റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്. കേരളത്തിലെ കാര്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടക്കുന്ന രാജ്യവ്യാപക റെയ്ഡിന് പിന്നാലെ കേരളത്തിലെ വിവിധയിടങ്ങളില്‍ എന്‍.ഐ.ഐയും ഇ.ഡിയും കസ്റ്റഡിയിലെടുത്ത എട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി. വിവിധ ജില്ലകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 22 നേതാക്കളില്‍ എട്ട് പേരുടെ അറസ്റ്റാണ് കേന്ദ്ര ഏജന്‍സികള്‍ രേഖപ്പെടുത്തിയത്.
കസ്റ്റഡിയിലെടുത്ത നേതാക്കളെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്. ഓഫീസിന് പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.
ഇവരുടെ പേരുവിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല. എന്‍.ഐ.എ പുറത്തിറക്കുന്ന വാര്‍ത്താക്കുറിപ്പില്‍ ഇവരുടെ പേരുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ നേതാക്കളെ ദല്‍ഹിയിലെത്തിക്കാനാണ് നീക്കം.
പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്‌മാന്‍, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ എന്നിവരടക്കം 22 നേതാക്കളെയാണ് കേരളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയില്‍ നിന്ന് പ്രൊഫ. പി. കോയയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എന്‍.ഐ.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് നിലവില്‍ രാജ്യത്ത് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം നടക്കുന്ന റെയ്ഡില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെയാണ് റെയ്ഡ് നടന്നതെന്ന ആരോപണങ്ങളും ഇതിന് പിന്നാലെ ഉയരുന്നുണ്ട്. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. എന്‍.ഐ.എയും ഇ.ഡിയും ചേര്‍ന്നാണ് റെയ്ഡുകള്‍ നടത്തി വരുന്നത്.
പതിമൂന്ന് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രാജ്യത്തുടനീളമായി നൂറിലേറെ പേരാണ് കസ്റ്റഡിയിലുള്ളത്. കേരളം, ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ദല്‍ഹി, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
അതേസമയം, എന്‍.ഐ.എ, ഇ.ഡി റെയ്ഡിനെതിരെ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ, ഇ.ഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രതികരിച്ചു.
ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എ. അബ്ദുള്‍ സത്താര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.