union budget 2018
ഓഹരിയില്‍ വിപണിയിലെ ചാഞ്ചാട്ടം സൂചിപ്പിക്കുന്നത് ബജറ്റിനോടുള്ള അവിശ്വാസമെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Feb 03, 05:30 am
Saturday, 3rd February 2018, 11:00 am

ദല്‍ഹി: കേന്ദ്രബജറ്റിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചുകെണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റ് ദിവസം ഓഹരി വിപണി 800 പോയന്റ് ഇടിഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

മോദി സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷം നല്‍കിയത് വെറും വാഗ്ദാനങ്ങള്‍ മാത്രമാണെന്നും, യുവാക്കള്‍ക്ക് തൊഴിലോ കാര്‍ഷിക വിളകള്‍ക്ക് ന്യായ വിലയോ നല്‍കാന്‍ സാധിച്ചിട്ടില്ല. ബജറ്റില്‍ ആകെയുള്ളത് ഭാവനാത്മകമായ പദ്ധതികള്‍ മാത്രമാണ്.

നേരത്തെ ബജറ്റ് അവതരണ ദിവസം ഓഹരിവിപണിയില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. സെന്‍സെക്സ് 755 പോയിന്റും നിഫ്റ്റി 239 പോയിന്റുമാണ് ഏതാനും മിനുട്ടുകള്‍ക്കിടെ ചാഞ്ചാടിയത്.

ഓഹരികളിലെയും മ്യൂച്ചല്‍ ഫണ്ടുകളിലെയും ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം വന്നതോടെയാണ് സൂചികകള്‍ കൂപ്പുകുത്തിയത്. ഒരവസരത്തില്‍ സെന്‍സെക്സ് 35,501.74 വരെ ഇടിഞ്ഞിരുന്നു.