ന്യൂദല്‍ഹി: കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ 20 ദശലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
സെപ്റ്റംബര്‍ മുതല്‍ കര്‍ഷക ബില്ലുകള്‍ക്കെതിരെ പാര്‍ട്ടി രാജ്യവ്യാപകപ്രചാരണം ആരംഭിച്ചുവെന്നും ബില്ലിനെതിരെ ലക്ഷക്കണക്കിന് കര്‍ഷകരുടെ ഒപ്പ് സമാഹരിച്ചെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും, അവഹേളിക്കാനും കേന്ദ്രസര്‍ക്കാര്‍ പലവഴികളും സ്വീകരിച്ചു. മോദി സര്‍ക്കാരും അദ്ദേഹത്തിന്റെ മന്ത്രിമാരും കര്‍ഷകരെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറിയത്, വേണുഗോപാല്‍ പറഞ്ഞു.
അതേസമയം കര്‍ഷകബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുകയാണ്. ബില്ലിനെ പിന്തുണച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ക്ക് നേരെ കരിങ്കൊടി കാട്ടി കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശി ഒരു കൂട്ടം കര്‍ഷകര്‍ എത്തിയത്.
ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ഖട്ടര്‍. അംബാലയിലെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ ഖട്ടറുടെ വാഹനവ്യൂഹത്തെ തടയുകയും കരിങ്കൊടി കാട്ടുകയും ചെയ്തത്.
കര്‍ഷകപ്രതിഷേധം തടയാന്‍ പ്രദേശത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഹരിയാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ പ്രദേശത്തേക്ക് പ്രതിഷേധത്തിനായി കര്‍ഷകര്‍ എത്തുകയായിരുന്നു.
അതേസമയം, കര്‍ഷക പ്രതിഷേധം 27ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.
ഡിസംബര്‍ 20 നാണ് നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.
തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നായിരുന്നു കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു.
അതേസമയം കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.
എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക