Fact Check: അസമിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് രാഹുല്‍ സന്ദര്‍ശിച്ചോ? ; തെറ്റായ വാര്‍ത്ത നല്‍കി പി.ടി.ഐ, എ.എന്‍.ഐ, ഹിന്ദു, എന്‍.ഡി.ടി.വി ടൈംസ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ, ഡെക്കാന്‍ ക്രോണിക്കിള്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അസം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കി മുഖ്യധാരാ മാധ്യമങ്ങള്‍.
കോണ്‍ഗ്രസ് എം.പിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അസമിലെ ഫുലേര്‍ട്ടലിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയും ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു ജൂലൈ 8 ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു വാര്‍ത്താ ഏജന്‍സികളായ എ.എന്‍.ഐയും പി.ടി.ഐയും റിപ്പോര്‍ട്ട് നല്‍കിയത്.
‘കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫുലേര്‍ട്ടലിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കുന്നു’ എന്നാണ് എ.എന്‍.ഐ ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അസമിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ട്വീറ്റിനെ പരാമര്‍ശിച്ചായിരുന്നു പി.ടി.ഐയും വാര്‍ത്ത നല്‍കിയത്.
ദി ഹിന്ദു , എന്‍.ഡി.ടി.വി, ടൈംസ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യ ടുഡേ, ഡെക്കാന്‍ ക്രോണിക്കിള്‍, ദി വീക്ക്, സീ ന്യൂസ് തുടങ്ങി നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ അസമിലെ ഫുലേര്‍ട്ടലിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രളയബാധിതരായ ആളുകളെ രാഹുല്‍ ഗാന്ധി നേരിട്ട് കണ്ടതിന്റെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയാക്കിയിരുന്നു.
കോണ്‍ഗ്രസ് എം.പി കെ.സി വേണുഗോപാലും ഒരു ക്യാമ്പിനുള്ളില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ അതേ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും രാഹുല്‍ ഗാന്ധി അസമിലെ വെള്ളപ്പൊക്കബാധിതരെ സന്ദര്‍ശിച്ചതായി ട്വീറ്റിടുകയും ചെയ്തിരുന്നു.
എങ്ങനെ ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ക്ക് കിട്ടിയതെന്നതിന്റെ അന്വേഷണം തങ്ങളെ എത്തിച്ചത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അസമിലെ ദുരിതാശ്വാസ ക്യാമ്പില്‍ മണിപ്പൂര്‍ അക്രമത്തില്‍ ഇരയായവരെ കാണുന്നു എന്ന അടിക്കുറിപ്പില്‍,’ രാഹുല്‍ ഗാന്ധിയുടെ ഇതേ ചിത്രം പങ്കുവെച്ചിരുന്നു. ആ ചിത്രത്തെയാണ് അസമിലെ വെള്ളപ്പൊക്കെ ദുരിതബാധിതരെ സന്ദര്‍ശിച്ചതാക്കി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വീറ്റില്‍ എവിടേയും രാഹുല്‍ പ്രളയ ബാധിതരെ സന്ദര്‍ശിച്ചതായുള്ള വാചകങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇതേ ദൃശ്യങ്ങളുള്ള വീഡിയോ രാഹുല്‍ ഗാന്ധിയുടെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലും പങ്കുവെച്ചിരുന്നു. ‘പ്രിയപ്പെട്ട മണിപ്പൂരിലെ ജനങ്ങളേ, നിങ്ങളുടെ സഹോദരനായാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നത്. നിങ്ങളുടെ എല്ലാവരുടെ ജീവിതത്തിലും സമാധാനം തിരികെ കൊണ്ടുവരാന്‍ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. നിങ്ങളുടെ ജീവതത്തിലേക്ക് സമാധാനം തിരികെ വരും. അതില്‍ എനിക്കുറപ്പുണ്ട്,’ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ രാഹുല്‍ കുറിച്ചത്.
വിഷയത്തില്‍ വ്യക്തത വരുത്താനായി തങ്ങള്‍ കച്ചാര്‍ ജില്ല ആസ്ഥാനമായുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖകനോട് സംസാരിച്ചിരുന്നെന്നും ഫുലേര്‍ട്ടലില്‍ അങ്ങനെ ഒരു വെള്ളപ്പൊക്കെ ദുരിതബാധിത ക്യാമ്പ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഫുലേര്‍ട്ടലില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് ഇല്ല. മണിപ്പൂര്‍ ജില്ലയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ താമസിക്കുന്ന രണ്ട് ക്യാമ്പുകളാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. പല മാധ്യമങ്ങളും ഉപയോഗിച്ച ഫോട്ടോ ലാഖിപൂര്‍ ബ്ലോക്കിലെ ഈ ക്യാമ്പുകളിലൊന്നില്‍ നിന്നുള്ളതാണ്.
അസമിലെ പ്രളയബാധിതരെ രാഹുല്‍ ഗാന്ധി കച്ചാര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശിച്ചുവെന്ന വാര്‍ത്ത തെറ്റാണ്. മണിപ്പൂരിലെ അക്രമത്തിനിരയായവര്‍ക്കുള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ മാധ്യമങ്ങള്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭൂപന്‍ ബോറയുടെ നേതൃത്വത്തിലുള്ള സംഘം ജൂലൈ 8 ന് രാഹുല്‍ ഗാന്ധിക്ക് അസം വെള്ളപ്പൊക്ക വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. ഇത് അസം കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിലൊന്നും രാഹുല്‍ ഗാന്ധി പ്രളയബാധിതരെ കണ്ടതായി പരാമര്‍ശിച്ചിരുന്നില്ല.
Content Highlight: Rahul Gandhi did not visit flood relief camp in Assam, false reports by PTI, ANI indiatoday,times of india, deccan cronicle, indian express