Advertisement
national news
നരേന്ദ്ര മോദി പഞ്ചാബില്‍; പാര്‍ലമെന്റില്‍ നിന്നും റഫാല്‍ പരീക്ഷയില്‍ നിന്നും ഒളിച്ചോടിയതെന്ന് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 03, 09:54 am
Thursday, 3rd January 2019, 3:24 pm

ന്യൂദല്‍ഹി: പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ പഞ്ചാബ് ലവ്‌ലി യൂണിവേഴ്‌സിറ്റയില്‍ പോയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാല്‍ പരീക്ഷയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് ചര്‍ച്ചയില്‍ ഇന്നും റഫാല്‍ തന്നെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ ലവ്‌ലി സര്‍വകലാശാലയിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ് നരേന്ദ്ര മോദി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. “നമ്മുടെ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പങ്കെടുക്കാതെ റഫാല്‍ പരീക്ഷയില്‍ നിന്നും ഒളിച്ചോടി പഞ്ചാബ് ലവ്‌ലി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ്. അദ്ദേഹത്തോട് ബഹുമാനത്തോടെ റഫാലിനെക്കുറിച്ച് ഞാന്‍ ചോദിച്ച നാലു ചോദ്യങ്ങള്‍ ഉന്നയിക്കാനും അതിനുള്ള മറുപടി മേടിക്കാനും ലവ്‌ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”- രാഹുല്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.

ഇന്നലെ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും റഫാല്‍ ഇടപാടിനെ ചൊല്ലി രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. കരാറിനെ കുറിച്ച് മുഖാമുഖം ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

റഫാല്‍ കരാറിനെ സംബന്ധിച്ച് പ്രധാനമന്ത്രി ഉത്തരം നല്‍കേണ്ട നാലു ചോദ്യങ്ങളും രാഹുല്‍ ഗാന്ധി ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്തു കൊണ്ട് ആദ്യ കരാര്‍ പ്രകാരമുള്ള 126 യുദ്ധവിമാനങ്ങള്‍ക്കു പകരം 36 യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്ന് തീരുമാനിച്ചു, എന്തിനാണ് റഫാല്‍ ഇടപാടിനെ കുറിച്ചുള്ള രേഖകള്‍ മനോഹര്‍ പരീക്കര്‍ തന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്?, വിമാനങ്ങള്‍ക്ക് 560 കോടിക്ക് പകരം 1,600 കോടി നല്‍കുന്നതെന്തിന്, എച്ച്.എ.എലിന് പകരം അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ കരാറില്‍ ഉള്‍പ്പെടുത്തിയതെന്തിന്? എന്നിങ്ങനെ നാല് ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി മറുപടി ആവശ്യപ്പെട്ടത്.