national news
തര്‍ക്കം നിലനില്‍ക്കുന്ന ഒരു കെട്ടിടത്തെയും മസ്ജിദ് എന്ന് വിളിക്കേണ്ടതില്ല: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 12, 02:25 am
Sunday, 12th January 2025, 7:55 am

ലഖ്നൗ: തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഒരു കെട്ടിടത്തെയും മസ്ജിദ് എന്ന് വിളിക്കരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

പള്ളി എന്ന അഭിസംബോധന അവസാനിപ്പിക്കുന്നതിന്റെ അടുത്ത ദിവസം തന്നെ മസ്ജിദിലേക്ക് പോകുന്നത് ആളുകള്‍ നിര്‍ത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രയാഗ് രാജില്‍ ആജ് തക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.

മസ്ജിദ് എന്ന ആശയവും അതിനുള്ളിലെ ആരാധനയും ദൈവത്തിന് സ്വീകാര്യമായതല്ല. ഒരു പ്രത്യേകയിടത്ത് പളളി നിര്‍മിച്ച് മറ്റുള്ളവരെ വ്രണപ്പെടുത്തുന്നത് ഇസ്‌ലാമിക തത്വങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കെട്ടിടം നിര്‍മിച്ചുകൊണ്ട് ആരാധന നടത്തുന്നത് സനാതന ധര്‍മത്തിന്റെ ഭാഗമാണെന്നും യോഗി പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന കെട്ടിടങ്ങളെ പള്ളിയെന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത് അനാവശ്യമായ നീക്കമാണെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.

യു.പിയിലെ സംഭാല്‍ ഷാഹി ജുമാ മസ്ജിദ് ഉള്‍പ്പെടെ ഹിന്ദുത്വവാദികളുടെ അവകാശവാദം നേരിടുന്ന സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. അതേസമയം സംഭാലില്‍ പൊളിക്കല്‍ നടപടി തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്ഷേത്രങ്ങളുടെ സമീപത്തായി പ്രവര്‍ത്തിക്കുന്ന കടകളും മറ്റു കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭരണകൂടം തകര്‍ത്തു.

അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് (ഡി.എം) ഡോ. രാജേന്ദ്ര പെന്‍സിയയും പൊലീസ് സൂപ്രണ്ട് കൃഷ്ണന്‍ വിഷ്ണോയിയും നിര്‍ദേശം നല്‍കി.

നേരത്തെ സംഭാലില്‍ ഐക്യം നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സംഭാല്‍ ഷാഹി മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കിണര്‍ ക്ഷേത്രത്തിന്റേതാണെന്ന അവകാശവാദത്തില്‍ പരിശോധന പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

വ്യാഴാഴ്ച ഷാഹി മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട സിവില്‍ കോടതിയുടെ നടപടികള്‍ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ പരിഗണിച്ച ഹരജിയിലെ വാദം ഫെബ്രുവരി 25ലേക്ക് മാറ്റുകയുമുണ്ടായി.

സംഭാലിലെ ജുമാ മസ്ജിദ് ക്ഷേത്രം തകര്‍ത്ത് പണിതതാണെന്ന ഹരജിയെ തുടര്‍ന്നുള്ള നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. നവംബര്‍ 19നാണ് ഷാഹി ജുമാ മസ്ജിദിന്റെ സര്‍വേ നടത്താന്‍ പ്രാദേശിക കോടതി ഉത്തരവിട്ടത്.

മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നേരത്തെ ഒരു ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഹരജിക്കാര്‍ കോടതിയില്‍ അവകാശപ്പെടുകയായിരുന്നു. പിന്നാലെയുണ്ടായ കോടതി വിധിയെ തുടര്‍ന്ന് നവംബര്‍ 24ന് അക്രമം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു.

Content Highlight: No disputed building should be called a mosque: Yogi Adityanath