യു.ജി.സി നിർദേശം സംവരണം അവസാനിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന വ്യക്തമാക്കുന്നു: രാഹുൽ ഗാന്ധി
national news
യു.ജി.സി നിർദേശം സംവരണം അവസാനിപ്പിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന വ്യക്തമാക്കുന്നു: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 7:27 pm

പാട്ന: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ ജോലി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് രാഹുൽ ഗാന്ധി.

യു.ജി.സിയുടെ പുതിയ കരടിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവരുടെ സംവരണം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് വ്യക്തമാകുന്നത് എന്നും എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞു.

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ഈ ഒഴിവുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുമെന്ന യു.ജി.സിയുടെ കരട് നിർദേശം കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു.

നിലവിൽ രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലെ 7000 സംവരണ തസ്തികകളിൽ 3000ത്തോളം ഒഴിഞ്ഞു കിടക്കുകയാണെന്നും ഇതിൽ ദളിതരിൽ നിന്നുള്ള പ്രൊഫസർമാർ 7.1 ശതമാനവും ആദിവാസി വിഭാഗത്തിൽ നിന്ന് 1.6 ശതമാനവും പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് 4.5 ശതമാനവും മാത്രമാണുള്ളതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

‘സംവരണം പുനപരിശോധിക്കണമെന്ന് നേരത്തെ പറഞ്ഞ ബി.ജെ.പിയും ആർ.എസ്.എസും ഇപ്പോൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്റെ ജോലികൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്.

സാമൂഹ്യനീതിക്ക് വേണ്ടി പോരാടിയ നായകരുടെ സ്വപ്നങ്ങളും അരികുവത്കരിക്കപ്പെട്ടവരുടെ പങ്കാളിത്തവും ഇല്ലാതാക്കാനുള്ള ശ്രമമാണിത്,’ രാഹുൽ ഗാന്ധി പറഞ്ഞു.

ഇത് പ്രതീകാത്മക രാഷ്ട്രീയവും യഥാർത്ഥ നീതിയും തമ്മിലുള്ള വ്യത്യാസമാണെന്നും ബിജെപിയുടെ സ്വഭാവം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഒരിക്കലും ഇത് നടപ്പിലാകാൻ അനുവദിക്കില്ല. സാമൂഹ്യനീതിക്ക് വേണ്ടി പൊരുതുന്നത് തുടരുമെന്നും സംവരണ വിഭാഗങ്ങളിലെ യോഗ്യരായ ഉദ്യോഗാർത്ഥികളെ ഒഴിവുകളുള്ള തസ്തികകളിൽ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംവരണ തസ്തികകൾ ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

CONTENT HIGHLIGHT: Rahul Gandhi about UGC draft to dereservation; says BJPs conspiracy to end reservation is evident