ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ജയിക്കണമെന്നാണ് തീവ്രഹിന്ദു വലതുപക്ഷത്തു നില്‍ക്കുന്നവര്‍ ആഗ്രഹിക്കുന്നത്: രാഹുല്‍ ഈശ്വര്‍
Kerala
ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ജയിക്കണമെന്നാണ് തീവ്രഹിന്ദു വലതുപക്ഷത്തു നില്‍ക്കുന്നവര്‍ ആഗ്രഹിക്കുന്നത്: രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 11:51 am

കോഴിക്കോട്: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ജയിക്കണമെന്നാണ് തീവ്രഹിന്ദു വലതുപക്ഷത്തു നില്‍ക്കുന്നവര്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍.

പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസ് തകരണമെന്നും അതുവഴി ഒരു കോണ്‍ഗ്രസ് മുക്തമായ കേരളവും ഭാരതവും ഉണ്ടാവണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.

അങ്ങനെ ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് സ്‌പേസ് ഉള്ളൂവെന്ന് ഇവര്‍ കരുതുന്നുണ്ടെന്നും ഇത് തനിക്ക് നേരിട്ടറിയാവുന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന്റെ സ്പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

‘ ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല, എനിക്ക് നേരിട്ടറിയാവുന്ന സത്യസന്ധമായൊരു കാര്യം പറയാം. ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതു പക്ഷത്തു നില്‍ക്കുന്ന ആള്‍ക്കാര്‍.

പിണറായി വിജയന്‍ ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ് തകരണമെന്നും അങ്ങനെ കോണ്‍ഗ്രസ് മുക്തമായ കേരളവും ഭാരതവും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് സ്പേസ് ഉള്ളൂവെന്നും അതിനു ശേഷം ആദ്യം ഒരു നായര്‍-നസ്രാണി കോമ്പിനേഷനും പിന്നീട് നായര്‍-നസ്രാണി-ഈഴവ കോമ്പിനേഷന്‍-എന്റെ വാക്കുകളല്ല, ശ്രീ ബാലശങ്കറിന്റെ വാക്കുകള്‍ അടക്കം- അങ്ങനെ കോണ്‍ഗ്രസിന്റെ സ്പേസ് ഇല്ലാതാക്കണം.

അങ്ങനെ വീണ്ടും പിണറായി വിജയന്‍ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തെ ഏറ്റവും എതിര്‍ക്കുന്ന ആള്‍ക്കാര്‍. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്’ – രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘ഇടതുപക്ഷത്തു നില്‍ക്കുന്നവര്‍ക്കും ഇതു തന്നെയാണ് ആഗ്രഹം. ഒരു നാലഞ്ചു സീറ്റ് അപ്പുറത്ത് നില്‍ക്കുന്നവര്‍ക്ക് കിട്ടിയാലും കുഴപ്പമില്ല, കോണ്‍ഗ്രസിന്റെ സ്പേസും വോട്ടുകളും വിശിഷ്യാ നായര്‍ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാല്‍ തങ്ങള്‍ക്ക് വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുന്നവരാണ് അവര്‍. ഇതൊന്നും ആള്‍ക്കാര്‍ക്ക് അറിയില്ലാന്ന് ആരും തെറ്റിദ്ധരിക്കേണ്ട. എല്ലാവര്‍ക്കും അറിയുന്നതാണ്. കാര്യങ്ങള്‍ ഒരുപക്ഷേ ആഴത്തില്‍ പഠിക്കാത്ത ജനങ്ങള്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍ ഇത് സത്യമാണ്.’ രാഹുല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ