അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്‌ലി കളിക്കില്ല. പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് മൊഹാലി ടി-20യില്‍ വിരാട് കളിക്കില്ല എന്ന കാര്യം വ്യക്തമാക്കിയത്.
വ്യക്തിപരമായ കാരണത്താലാണ് വിരാട് ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും പരമ്പരയിലെ ശേഷിക്കുന്ന മത്സരത്തില്‍ മുന്‍ നായകന്‍ ടീമിനൊപ്പമുണ്ടാകുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
നാളെ (വ്യാഴാഴ്ച)യാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്. ഓള്‍ പോര്‍മാറ്റ് നായകന്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ കളത്തിലിറങ്ങുക.
പരമ്പരയിലെ രണ്ടാം മത്സരം ജനുവരി 13ന് ഇന്‍ഡോറിലും മൂന്നാം മത്സരം ജനുവരി 17ന് ബെംഗളൂരുവിലും നടക്കും.
2022 ഏഷ്യാ കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ടി-20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത്. ഏറെ നാളത്തെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ച് വിരാട് നൂറടിച്ചിരുന്നു. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയായിരുന്നു അത്. വിരാടിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ അന്ന് 101 റണ്‍സിന് വിജയിച്ചിരുന്നു.
ഇതിന് പുറമെ അഫ്ഗാനെതിരായ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു. 2022 ടി-20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഒരുമിച്ച് ടി-20 കളിക്കുന്ന എന്നത് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ വിരാട് ഇല്ലാത്തതിനാല്‍ ജനുവരി 13 വരെ ആരാധകരുടെ കാത്തിരിപ്പ് നീളും.