ജഡേജ ലോകകപ്പ് കളിക്കില്ലെന്ന് ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍, കോച്ച് ദ്രാവിഡിന് പറയാനുള്ളത് | D Sports
ആദര്‍ശ് എം.കെ.

മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഏഷ്യ കപ്പില്‍ നിന്നും മടങ്ങേണ്ടി വന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പറ്റിയുള്ള ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഏഷ്യകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ജഡേജ കാണില്ലെന്ന് ഉറപ്പായതോടെ ട്വന്റി20 ലോകകപ്പിനും ജഡേജയുണ്ടായില്ലെങ്കിലോ എന്നായിരുന്നു ആ ആശങ്ക.

ഇപ്പോള്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. ‘ജഡേജയുടെ മുട്ടിന് പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ തീര്‍ച്ചയായും ഏഷ്യ കപ്പില്‍ നിന്നും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. വിദഗ്ധരായ ഡോക്ടറെ കാണാനാണ് ജഡേജ പോയിരിക്കുന്നത്. പരിക്കിന്റെ ഗൗരവമനുസരിച്ചായിരിക്കും വിശ്രമസമയമൊക്കെ നിശ്ചയിക്കുക.

ലോകകപ്പ് നടക്കാന്‍ ഇനിയും കുറെ സമയമുണ്ട്. അതിന്റെ കാര്യങ്ങള്‍ തീരുമാനിക്കാനും സമയമെടുക്കും. അതുകൊണ്ട് തന്നെ ജഡേജ ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ തിരക്കുകൂട്ടി നിശ്ചയിക്കേണ്ടതില്ലല്ലോ. മൊത്തത്തില്‍ കാര്യങ്ങള്‍ എങ്ങനെ വരുന്നുവെന്ന് നോക്കട്ടെ.

പിന്നെ ഇതൊക്കെ സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്. ആളുകള്‍ക്ക് പരിക്ക് പറ്റും. ഇതും കളിക്കാരെയുമൊക്കെ മാനേജ് ചെയ്യുക എന്നുള്ളതാണ് ഞങ്ങളുടെ ജോലി,’ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായത്. താരത്തിന്റെ പരിക്കിനെ കുറിച്ച് അധികവിവരങ്ങളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. എന്നാല്‍ ജഡേജയുടെ പരിക്ക് സാരമുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജഡേജക്ക് കാല്‍മുട്ടിന് മേജര്‍ സര്‍ജറി ആവശ്യമാണെന്നും ഏറെ നാള്‍ താരത്തിന് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

‘ജഡേജയുടെ വലത് കാല്‍മുട്ടിനേറ്റ പരിക്ക് വളരെ ഗുരുതരമാണ്. അദ്ദേഹം ഒരു മേജര്‍ സര്‍ജറിക്ക് വിധേയനാകേണ്ടി വരും, അനിശ്ചിതകാലത്തേക്ക് അദ്ദേഹത്തിന് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വരും.

ഇപ്പോഴുള്ള എന്‍.സി.എ മെഡിക്കല്‍ ടീമിന്റെ വിലയിരുത്തല്‍ പ്രകാരം അവന്റെ തിരിച്ചുവരവ് എപ്പോഴായിരിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ല,’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

ജഡേജയുടെ പുറത്താവല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ തന്നെ ചോദ്യചിഹ്നത്തിലാക്കിയിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.

പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ നിര്‍ണായക പങ്കായിരുന്നു ജഡേജ വഹിച്ചത്. രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ ഇന്ത്യ ജയിച്ച മത്സരത്തില്‍ ജഡേജയുടെ പങ്ക് ചില്ലറയായിരുന്നില്ല.

ഇതിന് പുറമെ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡും ജഡേജ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനെ മറികടന്നായിരുന്നു ജഡേജ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ഹോങ്കോങ് മത്സരത്തിലായിരുന്നു ജഡേജ ഈ സൂപ്പര്‍ നേട്ടം കൈവരിച്ചത്. ഏഷ്യാ കപ്പിന്റെ ആറ് എഡിഷനില്‍ നിന്നുമായി 23 വിക്കറ്റാണ് ജഡ്ഡുവിന്റെ പേരിലുള്ളത്.

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ജഡേജയുടെ മിന്നും ഫോം നിര്‍ണായകമാകും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോള്‍ പരിക്ക് വില്ലനായി എത്തിയതോടെ കടുത്ത നിരാശയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.

ലോകകപ്പില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തുമെന്ന് ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും, ജഡേജയുണ്ടാകുമെന്ന് ഉറപ്പിച്ചു പറയാന്‍ ദ്രാവിഡും തയ്യാറാകാതിരുന്നത് കൂടുതല്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്.

Content Highlight: Rahul Dravid about Ravindra Jadeja’s injury and T20 world cup

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.