Football
ഒരാള്‍ ഗോളിന് വേണ്ടി കളിക്കുന്നു; മറ്റൊരാള്‍ പ്ലേമേക്കര്‍; മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ ഡച്ച് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 12, 07:55 am
Wednesday, 12th July 2023, 1:25 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും താരതമ്യം ചെയ്ത് ഡച്ച് താരം റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട്. മെസി അതിവേഗതയുള്ള താരമാണെന്നും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വാര്‍ട്ട് പറഞ്ഞു. എന്നാല്‍ റൊണാള്‍ഡോ ഗോളുകളെ ആശ്രയിച്ച് മാത്രമാണ് കളിക്കുന്നതെന്നാണ് വാര്‍ട്ട് പറഞ്ഞത്.

‘ഞാന്‍ മെസിക്കൊപ്പം കളിച്ചിട്ടുണ്ട്. നിങ്ങള്‍ക്കവനൊപ്പം എത്താന്‍ കഴിയില്ല. അതിവേഗതയുള്ള താരമാണ് മെസി.

എന്നാല്‍ റൊണാള്‍ഡോ ശരീരത്തെയും ഗോളുകളെയും ആശ്രയിച്ചാണ് കളിക്കുന്നത്. പക്ഷെ മെസി വെറുമൊരു ഗോള്‍ സ്‌കോറര്‍ മാത്രമല്ല, അതിലുപരി നല്ലൊരു പ്ലേമേക്കര്‍ കൂടിയാണ്,’ വാര്‍ട്ട് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Rafael Van Der Vaart about Lionel Messi and Cristiano Ronaldo